മായംകലര്‍ന്ന വെളിച്ചെണ്ണ വിപണിയില്‍ പിടിമുറുക്കുമ്ബോള്‍ പിടിച്ചുനില്‍ക്കാനാകാതെ നാടന്‍ വെളിച്ചെണ്ണ
കൊച്ചി: അതിര്‍ത്തി കടന്നെത്തുന്ന മായംകലര്‍ന്ന വെളിച്ചെണ്ണ വിപണിയില്‍ പിടിമുറുക്കുമ്ബോള്‍ പിടിച്ചുനില്‍ക്കാനാകാതെ നാടന്‍ വെളിച്ചെണ്ണ.
വിലയിലെ മാര്‍ജിനിലാണ് മായംകലര്‍ന്ന വെളിച്ചെണ്ണ നാടന്‍ ഭീഷണിയാകുന്നത്. ഓണക്കച്ചവടത്തെ വലിയ രീതിയില്‍ ഇത് ബാധിച്ചുവെന്നും മുന്‍വര്‍ഷങ്ങളേക്കാള്‍ മൂന്നിലൊന്നായി വില്പന കുറഞ്ഞുവെന്നും മില്ലുടമകള്‍ പറയുന്നു.
നാടന്‍ വെളിച്ചെണ്ണ, ചക്കിലാട്ടിയ വെളിച്ചെണ്ണ എന്നിവയാണ് പ്രധാനമായും നാട്ടില്‍ ഉത്പാദിപ്പിക്കുന്നത്. നാട്ടിലെ കൊപ്രയും തമിഴ്നാട്ടില്‍ നിന്നെത്തുന്ന കൊപ്രയും ഇവിടുത്തെ എക്സ്പെല്ലര്‍ മില്ലുകളിലും ആട്ടുചക്കിലും ആട്ടിയാണ് ഉത്പാദനം. പ്രാദേശികമായ ഉത്പാദനമായതിനാല്‍ പൊതുവെ ഇവയില്‍ മായംകുറവായിരിക്കും.
തമിഴ്നാട്ടിലെ കങ്കായം തുടങ്ങിയ മേഖലകളില്‍ നിന്ന് ഹോള്‍ സെയിലായാണ് മായം കലര്‍ന്ന വെളിച്ചെണ്ണ എത്തിക്കുന്നത്. കരിഓയില്‍ ഫില്‍ട്ടര്‍ ചെയ്തെടുക്കുന്ന വൈറ്റ് ഓയിലാണ് വെളിച്ചെണ്ണയില്‍ കലര്‍ത്തുന്നതെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. നാട്ടിലെ മില്ലുകളില്‍ ആട്ടാന്‍ പറ്റാതെ ഉപേക്ഷിക്കുന്ന മോശമായ കറുത്ത കൊപ്ര തമിഴ്നാട്ടിലേയ്ക്ക് വലിയ തോതില്‍ കയറ്റി വിടുന്നുണ്ട്. ഇവ നല്ല തെളിഞ്ഞ വെളുത്ത നിറമുള്ള വെളിച്ചെണ്ണയായി നാട്ടില്‍ തിരിച്ചെത്തും. ആലം എന്ന രാസവസ്തു കലര്‍ത്തിയാണത്രെ ഇതിന്റെ നിറമാറ്റം നടത്തുന്നത്.
നാട്ടില്‍ ഒരു കിലോ വെളിച്ചെണ്ണയുടെ ഉത്പാദനച്ചെലവ് മാത്രം 150 രൂപയിലേറെ വരും. 180-200 രൂപയ്ക്കാണ് ചില്ലറ വില്പന. എന്നാല്‍ കലര്‍പ്പ് വെളിച്ചെണ്ണ 140 രൂപയില്‍ താഴ്ന്ന വിലയ്ക്ക് ലഭിക്കും.