മ്യാന്മറില്‍ നിന്ന് സായുധരായ വിഘടനവാദികള്‍ സംസ്ഥാനത്തേക്ക് നുഴഞ്ഞു കയറി; കര്‍ഫ്യൂവില്‍ ഇന്ന് ഇളവ്

single-img
7 May 2023

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരണം ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയെന്ന് ഔദ്യോഗിക സ്ഥിരീകരണം. മ്യാന്മറില്‍ നിന്ന് സായുധരായ വിഘടനവാദികള്‍ സംസ്ഥാനത്തേക്ക് നുഴഞ്ഞു കയറിയതായും സംശയം ഉയര്‍ന്നിട്ടുണ്ട്.

അതിനിടെ സംഘര്‍ഷ സാഹചര്യം കുറഞ്ഞതോടെ നിരോധനാജ്ഞക്ക് താല്‍ക്കാലിക സംസ്ഥാനത്ത് ഇന്ന് താത്കാലിക ഇളവ് അനുവദിക്കും. സംഘര്‍ഷം നടന്ന ചുരചന്ത്പൂരില്‍ രാവിലെ 7 മുതല്‍ 10 വരെ നിരോധനാജ്ഞ ഒഴിവാക്കി. മുഖ്യമന്ത്രി ബീരേന്‍ സിങ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും പൊലീസ് ഉദ്യോഗസ്ഥരുമായും ക്രമസമാധാന സാഹചര്യത്തെക്കുറിച്ച്‌ ചര്‍ച്ച നടത്തി. സംസ്ഥാനത്ത് സര്‍വ്വ കക്ഷിയോഗം വിളിച്ച മുഖ്യമന്ത്രി, സമാധാന ശ്രമങ്ങള്‍ക്ക് പാര്‍ട്ടികളുടെ സഹകരണവും അഭ്യര്‍ത്ഥിച്ചിരുന്നു.

സംഘര്‍ഷ സാഹചര്യം കുറഞ്ഞെങ്കിലും സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇപ്പോഴും സംസ്ഥാനത്ത് കാവല്‍ തുടരുകയാണ്. 10,000 ത്തോളം സൈനികരെയാണ് മണിപ്പൂരില്‍ നിയോഗിച്ചിരിക്കുന്നത്. മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ ഇന്ന് കേരളത്തില്‍ മുഴുവന്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളും പന്തം കൊളുത്തി പ്രകടനം നടത്തും. പ്രകടനത്തില്‍ പങ്കെടുത്ത് മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ ആഹ്വാനം ചെയ്തു.

ജനങ്ങള്‍ സമാധാനപരമായി ജീവിച്ചിരുന്ന മണിപ്പൂര്‍ ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം അശാന്തിയുടെ താഴ്‌വരയായി മാറി എന്ന് കെപിസിസി പ്രസിഡന്‍റ് ഇന്നലെ പറഞ്ഞിരുന്നു. കേരളത്തിലും സൗഹാര്‍ദ്ദത്തില്‍ കഴിയുന്ന വിവിധ മതങ്ങളെ തമ്മിലടിപ്പിച്ചു അവര്‍ക്കിടയില്‍ വര്‍ഗ്ഗീയതയുടെ വിത്തുപാകി സാന്നിദ്ധ്യം ഉറപ്പിക്കാന്‍ ബിജെപി ശ്രമിക്കുകയാണ് എന്നും സുധാകരന്‍ ആരോപിച്ചു.