വിഴിഞ്ഞം തുറമുഖം മത്സ്യത്തൊഴിലാളികൾ ഇന്ന് കടൽ മാർഗവും കര മാർഗവും ഉപരോധിക്കും

single-img
22 August 2022

വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം കൂടുതല്‍ ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍. ഇതിന്റെ ഭാഗമായി ഇന്ന് കടൽ മാർഗവും കര മാർഗവും തുറമുഖം ഉപരോധിക്കും. പൂന്തുറയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ കടൽമാർഗം ഉപരോധിക്കുമ്പോൾ, ചെറിയതുറ, സെൻറ് സെവ്യേഴ്‌സ്, ചെറുവെട്ടുകാട് ഇടവകയിൽ ഉള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കരമാര്ഗം ഉപരോധിക്കും.

മന്ത്രിതല ചർച്ചയിൽ സമവായ നീക്കങ്ങളിലേക്ക് കടന്നെങ്കിലും ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുന്നതിനായുള്ള സമ്മർദ്ദം ശക്തമാക്കാനാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് കടൽ മാർഗവും കര മാർഗവും ഉപരോധിക്കുന്നത്.

അതേസമയം മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ചർച്ച ചെയ്യാനായി മന്ത്രിസഭാ ഉപസമിതി ഇന്ന് യോഗം ചേരുന്നുണ്ട്. പുനർഗേഹം അടക്കമുള്ള പുനരധിവാസ പ്രശ്നങ്ങൾ ആണ് ഫിഷറീസ്‌ മന്ത്രി അബ്‍ദുറഹ്മാന്‍റെ അധ്യക്ഷതയിൽ യോഗം ചർച്ച ചെയ്യുക. മന്ത്രിമാരായ കെ രാജൻ, എം വി ഗോവിന്ദൻ, ആന്‍റണി രാജു, ചിഞ്ചുറാണി എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്ന മറ്റ് മന്ത്രിമാർ.