സിബിഐയും തൃണമൂല്‍ കോണ്‍ഗ്രസും മൗന ധാരണയിലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ്; കേന്ദ്രഏജന്സികൾ പ്രധാനമന്ത്രിക്ക് കീഴിലെന്ന് തൃണമൂൽ

single-img
22 August 2022

കേന്ദ്ര ഏജൻസിയായ സിബിഐക്കെതിരെ വിമര്‍ശനവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ്. വിലക്കെടുക്കപ്പെടുന്ന സിബിഐയുടെ ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണത്തില്‍ വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാവുന്നതായും ഇഡി കടിക്കുന്ന നായയാണെന്നും ദിലീപ് ഘോഷ്കൊൽക്കത്തയിൽ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നാൽ കടിക്കുന്ന, മെരുക്കാന്‍ കഴിയാത്ത നായയെ പോലെയാണെന്നായിരുന്നു ദിലീപ് ഘോഷ് പറഞ്ഞത്. ബംഗാളിൽ ഉൾപ്പടെ പ്രതിപക്ഷങ്ങൾ ഭരണം നടത്തുന്ന സംസ്ഥാനങ്ങളിൽ നേതാക്കള്‍ക്കുനേരെ കേന്ദ്ര ഏജന്‍സി വേട്ടയാടല്‍ തുടരുന്നു എന്ന ആരോപണത്തിനിടെയാണ്അദ്ദേഹത്തിന്റെ ഈ പ്രതികരണം.

സിബിഐയും തൃണമൂല്‍ കോണ്‍ഗ്രസും മൗന ധാരണയിലാണെന്നു പറഞ്ഞ ബിജെപി നേതാവിനോട് കേന്ദ്ര ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കീഴിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതില്‍ ഘോഷിന് ധാരണയില്ലേ എന്നതായിരുന്നു തൃണമൂല്‍ പ്രതികരിച്ചത് .

ഏതാനും കുറച്ചുവര്‍ഷങ്ങളായി സിബിഐയുടെ അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെടുന്നുവെന്നും ജീവനക്കാര്‍ വിലക്കെടുക്കപ്പെടുകയാണെന്നും ബിജെപി നേതാവ് ആരോപിച്ചു. ഈ വിവരം മനസിലാക്കിയ കേന്ദ്രം കുറച്ച് ഓഫീസര്‍മാരെ സ്ഥലം മാറ്റിയെന്നും, എന്നാല്‍ ഇത് വലിയ രീതിയില്‍ ഗുണം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.