സവർക്കര്‍മാരും മുഹമ്മദലി ജിന്നമാരും ഇപ്പോൾ ആധുനിക ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമങ്ങളിൽ; ബിജെപിക്കെതിരെ ജയറാം രമേശ്

single-img
14 August 2022

രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഇന്ത്യ – പാക് വിഭജനത്തിന്റെ കാരണക്കാരനായി ചിത്രീകരിച്ച ബിജെപി പുറത്തിറക്കിയ വീഡിയോക്കെതിരെ കോണ്‍ഗ്രസ്. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത്രയും ഭീതി നിറഞ്ഞ ദിവസം ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് എംപി ആരോപിച്ചു.

ഇപ്പോഴത്തെ സവർക്കര്‍മാരും മുഹമ്മദലി ജിന്നമാരും ആധുനിക ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമങ്ങളിലാണെന്നും അദ്ദേഹം വിമർശിച്ചു.ഇന്ത്യ വിഭജനമെന്ന ചരിത്രത്തിലെ ദുരന്തത്തെ ബിജെപി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ച് വിദ്വേഷം പരത്താന്‍ ശ്രമിക്കുകയാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.

മതത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് രാജ്യങ്ങള്‍ എന്ന ആശയം തന്നെ സര്‍വക്കറുടേതായിരുന്നു. പിന്നീട് ജിന്ന അത് പ്രാവര്‍ത്തികമാക്കുകയായിരുന്നു. ഇന്ത്യ വിഭജിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഇതിനോടകം അനേകം ചെറുരാജ്യങ്ങളായി മാറുമായിരുന്നെന്ന് സര്‍ദാര്‍ പട്ടേല്‍ ഒരിക്കല്‍ എഴുതിയതായി ജയറാം രമേശ് പറഞ്ഞു.

ബിജെപിയുടെ ആദ്യ രൂപമായ ജന സംഘം സ്ഥാപകനായ ശ്യമപ്രസാദ് മുഖര്‍ജിയാണ് ബംഗാള്‍ വിഭജനത്തിന്റെ കാരണക്കാരന്‍. മഹാത്മ ഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹറുവിന്റെയും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെയും പരിശ്രമഫലമായാണ് രാജ്യത്തിന് ഐക്യമുണ്ടായത്. വിദ്വേഷ രാഷ്ട്രീയത്തെ നേരിടാന്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം കൊണ്ടാകുമെന്ന് ജയറാം രമേശ് ട്വീറ്റ് ചെയ്തു.

അതേസമയം, ഇന്ത്യ പാക് വിഭജനത്തിന്റെ വാര്‍ഷിക ദിനത്തിലാണ് ബിജെപി സിനിമയുടെ മാതൃകയില്‍ ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. അതിവൈകാരികതയോടെയുള്ള ദൃശ്യങ്ങള്‍ ബിജെപിയുടെ ഔദ്യോഗിക പേജുകളിലൂടെയാണ് പുറത്ത് വിട്ടത്.