ഇടുക്കി ഡാം തുറന്നു; ആശങ്ക വേണ്ട: റോഷി അഗസ്റ്റിൻ

single-img
7 August 2022

ജലനിരപ്പ് റൂൾ കർവ് പ്രകാരം അനുവദനീയ സംഭരണശേഷി പിന്നിട്ടതോടെ ഇടുക്കി ഡാം തുറന്നു. ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടറാണ് നേരത്തെ അറിയിച്ചിരുന്നതുപോലെ രാവിലെ 10 മണിയോടെ തുറന്നത്. ഡാം തുറന്നെങ്കിലും ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. പെരിയാറിന്റെ കരയിലുള്ളവരും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി അറിയിച്ചു.

ജലനിരപ്പ് 2382.53 അടി ആയതോടെ ശനി പുലര്‍ച്ചെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് 2383.10 അടിയിലെത്തി. സംഭരണശേഷിയുടെ 77 ശതമാനമാണിത്. 2021ല്‍ 2398 പിന്നിട്ടപ്പോഴാണ് അണക്കെട്ട് തുറന്നത്. 2403 അടിയാണ് പരമാവധി ശേഷി.

ചെറുതോണിയിൽ ഷട്ടർ തുറന്നാൽ വെള്ളം ഒരു മണിക്കൂർ 10 മിനിറ്റുകൊണ്ട് എറണാകുളം ജില്ലയിലെ കവലങ്ങാട് എത്തും. 4 മണിക്കൂറിൽ കാലടിയിലും 9 മണിക്കൂറിൽ ആലുവയിലും 12 മണിക്കൂറിൽ വരാപ്പുഴയിലും എത്തുമെന്നാണ് കണക്കുകൂട്ടൽ. ഡാം തുറക്കേണ്ട അടിയന്തര സാഹചര്യമില്ലെങ്കിലും മുൻകരുതൽ എന്ന നിലയ്ക്കാണ് ഡാം തുറക്കുന്നതെന്നും എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കഴിഞ്ഞ വർഷം 4 തവണ അണക്കെട്ട് തുറന്നു.