യു.എ.ഇയിലെ സർക്കാർ സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് യൂണിഫോം ‘പാന്‍റ്സും വെള്ള ഷർട്ടും’

single-img
6 August 2022

യു.എ.ഇയിലെ സർക്കാർ സ്കൂൾ യൂണിഫോമുകളിൽ വീണ്ടും പരിഷ്കരണം. ഒരാഴ്ചമുമ്പ് പുറത്തിറക്കിയ യൂണിഫോമുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ നൽകിയ നിർദേശങ്ങൾ മാനിച്ചാണ് പരിഷ്കരണം എന്ന് എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്‍റ്സ് അറിയിച്ചു. കിൻഡർ ഗാർട്ടൻ കുട്ടികളുടെ യൂണിഫോമാണ് വീണ്ടും പരിഷ്കരിച്ചത്. കുട്ടികൾക്ക് കൂടുതൽ സുഖപ്രദമാകുന്നതാണ് പുതിയ യൂനിഫോമെന്ന് അധികൃതർ അറിയിച്ചു.

പെൺകുട്ടികൾക്ക് സ്കേർട്ടും വെള്ള ടീ ഷർട്ടുമായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, പുതിയ നിർദേശമനുസിച്ച് പാന്‍റ്സും വെള്ള ഷർട്ടുമാണ് വേഷം. ആൺകുട്ടികൾക്ക് ടൈ ഉൾപ്പെട്ട യൂണിഫോമാണ് കഴിഞ്ഞയാഴ്ച പുറത്തിറക്കിയത്. എന്നാൽ, പുതിയ നിർദേശപ്രകാരം ടൈ നിർബന്ധമില്ല. യൂണിഫോമിലെ ഷർട്ടിൽ ലോഗോയുമുണ്ടാകും.

ഷർട്ടിന് 29 ദിർഹവും പാന്റ്സിന് 32 ദിർഹവുമാണ് വില. ടീഷർട്ട് ഉൾപ്പെട്ട സ്പോർട്സ് യൂണിഫോമും ഉണ്ടാകും. ടീഷർട്ടിന് 29 ദിർഹമും സ്പോർട്സ് ട്രൗസറിന് 43 ദിർഹവുമാണ് നിരക്ക്. നേരത്തേ ആൺകുട്ടികൾക്ക് പത്ത് ദിർഹമിന്‍റെ ടൈ ഉൾപ്പെടുത്തിയിരുന്നെങ്കിലും രക്ഷിതാക്കളുടെ അഭിപ്രായം കണക്കിലെടുത്ത് ഇത് ഒഴിവാക്കിയിട്ടുണ്ട്.