കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താന്‍ മുസ്‌ലിം ലീഗ് അനുവദിക്കില്ല; ദേശീയ തലത്തില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുകയാണ്: പികെ കുഞ്ഞാലിക്കുട്ടി

single-img
5 August 2022

ഇപ്പോഴത്തെ വിഷമ സന്ധിയിൽ കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താന്‍ മുസ്‌ലിം ലീഗ് അനുവദിക്കില്ലെന്നും പാര്‍ട്ടി ഒപ്പമുണ്ടാകുമെന്നും, ദേശീയ തലത്തില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് പാര്‍ട്ടി ആലോചിക്കുകയാണെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്ത്യയെ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ജനാധിപത്യപരമായ സമീപനങ്ങള്‍ എടുക്കുക എന്നതാണ് ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്, പക്ഷെ ഇവിടെ അതിന് വിപരീതമായി അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. അതിലാവട്ടെ അവര്‍ക്ക് യാതൊരു സങ്കോചവുമില്ല. ബിജെപി ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളുണ്ട് ഇന്ത്യയില്‍, അവര്‍ക്കെതിരെയൊന്നും ഒരു അന്വേഷണവുമില്ല. അവിടെ എല്ലാം നല്ലരീതിയിലാണ് നടക്കുന്നതെന്ന് പറഞ്ഞാല്‍ ഇന്ത്യന്‍ ജനത വിശ്വസിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

രാജ്യത്തെ കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ വേണ്ടി നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും എതിര്‍ക്കണം. മുസ്‌ലിം ലീഗ് ഈ സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.