കൊലപാതകശ്രമക്കേസില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ ജാമ്യഹരജി ഇന്ന് കോടതി പരിഗണിക്കും

single-img
5 August 2022

കെ.എസ്.യു പ്രവർത്തകനെ ആക്രമിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് ഹൈക്കോടതി നേരത്തെ ആർഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. എന്നാൽ, പി.ജി പരീക്ഷ എഴുതാൻ ജാമ്യം വേണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയും ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഈ ഇടക്കാല ജാമ്യം ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്.

കെ.എസ്.യു പ്രവർത്തകനായ നിസാമിനെ ആക്രമിച്ച് കൊലപ്പെടുത്തിയാന്‍ ശ്രമിച്ച സംഭവത്തിലാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ കേസ് നേരിടുന്നത്. ഈ കേസിൽ 2019ൽ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, ജാമ്യം ലഭിച്ചതിനുശേഷം വീണ്ടും കുറ്റകൃത്യത്തിൽ പങ്കാളിയായി എന്നാണ് കെ എസ യു ഉയർത്തുന്ന ആരോപണം. പത്തോളം കേസുകൾ ആർഷോയ്‌ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതി ആർഷോയുടെ ജാമ്യം റദ്ദാക്കിയത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായതിനുശേഷമാണ് ആർഷോയുടെ കേസുകൾ വീണ്ടും വിവാദമാകുന്നതും അറസ്റ്റിലേക്ക് നീങ്ങിയതും.

അതിനിടെ, ആർഷോക്ക് ചട്ടങ്ങൾ മറികടന്ന് പരീക്ഷ എഴുതാൻ ഹാൾടിക്കറ്റ് നൽകിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകിയിരുന്നു. പരീക്ഷ എഴുതാനുള്ള ഹാജർ ആർഷോക്കില്ലെന്നും നാൽപ്പതോളം കേസുകളിൽ പ്രതിയായ ആൾക്ക് ജാമ്യം നേടാനായി കോളജ് അധികൃതർ വ്യാജരേഖ ഉണ്ടാക്കിയാണ് പരീക്ഷ എഴുതാൻ ഹാൾടിക്കറ്റ് നൽകിയതെന്നുമാണ് പരാതിയിൽ പറയുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാനാണ് പരാതി നൽകിയത്.