ഡീസലിനുള്ള പണമെടുത്ത് ശമ്പളം നൽകി; ഒടുവിൽ ഡീസലില്ലാതെ കെ എസ് ആർ ടി സി റദ്ദാക്കിയത് 250 സർവീസുകൾ

single-img
4 August 2022

ഡീസലിനുള്ള പണമെടുത്ത് ശമ്പളം നൽകിയതോടെ കെഎസ്ആർടിസിയിൽ ഡീസൽ വിതരണം മുടങ്ങി. ഇതോടെ ബുധനാഴ്ച വടക്കന്‍, മദ്ധ്യ മേഖലകളില്‍ 250 ബസുകള്‍ സര്‍വീസ് റദ്ദാക്കി. കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോകളിലെ 30ഓളം സർവിസുകളാണ് ഇന്ധനമില്ലാത്തതിന്റെ പേരിൽ റദ്ദാക്കേണ്ടിവന്നത്. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് ജില്ലയിൽ ഡീസൽ ഇല്ലാത്തതിന്റെ പേരിൽ ഓട്ടം നിലക്കുന്നത്.

കഴിഞ്ഞ മൂന്നുദിവസമായി എണ്ണക്കമ്പനികൾക്ക് പണമടച്ചിട്ടില്ല. പത്ത് കോടി രൂപയോളം കുടിശികയുണ്ട്. ഇതോടെ കമ്പനികൾ ഡീസൽ നൽകാൻ വിസ്സമ്മതിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്.

അതെ സമയം ജൂണിലെ ശമ്പളം ഇതുവരെയും കെ എസ് ആർ ടി സി പൂര്‍ണമായി നല്‍കിയിട്ടില്ല. മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് ജില്ലതിരിച്ചാണ് ശമ്പളം നല്‍കുന്നത്. ഇനി രണ്ടു ജില്ലകളിലെ ശമ്പളം നല്‍കാനുണ്ട്. ഇതിനുശേഷം ഉന്നത ഉദ്യോഗസ്ഥര്‍ക്കും ശമ്പളം നല്‍കേണ്ടതുണ്ട്. ശമ്പളക്കുടിശിക തീര്‍ക്കാന്‍ പത്ത് കോടി രൂപയോളം വേണം. സർക്കാരിനോട് അടിയന്തര സഹായമായി 20 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.

സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം കൃത്യമായി ലഭിക്കാത്തതാണ് മാനേജ്മെന്റിനെ വലയ്ക്കുന്നത്. കണ്‍സോര്‍ഷ്യം വായ്പ തിരിച്ചടവിനായി മാസം 30 കോടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു. സാമ്പത്തികപ്രതിസന്ധി തരണം ചെയ്യാന്‍ സാമ്പത്തികസഹായം 50 കോടി രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അംഗീകരിച്ചെങ്കിലും സര്‍ക്കാര്‍ പണം അനുവദിക്കാത്തത് കടുത്ത പ്രതിസന്ധിയ്ക്ക് കാരണമായി. രക്ഷാപാക്കേജിന് അന്തിമ രൂപം നല്‍കാന്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ യൂണിയനുകളുമായി ചര്‍ച്ചനടത്തുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. ഒരുമാസം കഴിഞ്ഞിട്ടും യോഗം നടന്നിട്ടില്ല.