ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമോ എന്ന ചോദ്യംതന്നെ ഉദിക്കുന്നില്ല: നിർമല സീതാരാമൻ

single-img
1 August 2022

ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലോ സ്തംഭനത്തിലോ അകപ്പെടുമെന്ന ചോദ്യംതന്നെ ഉദിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ .”ഇന്ത്യ മാന്ദ്യത്തിലോ സ്തംഭനാവസ്ഥയിലോ ആകുന്നതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല. ബ്ലൂംബെർഗ് സർവേ പ്രകാരം ഇന്ത്യയിൽ മാന്ദ്യത്തിനുള്ള സാധ്യത പൂജ്യമല്ല,” വിലക്കയറ്റ വിഷയത്തിൽ ധനമന്ത്രി ലോക്സഭയിൽ സംസാരിക്കവെ പറഞ്ഞു.

രാജ്യത്തെ വർദ്ധിച്ചുവരുന്ന വിലക്കയറ്റ വിഷയത്തിൽ ആഴ്ചകളോളം പാർലമെന്റ് തടസ്സപ്പെടുത്തിയതിന് ശേഷം നിർമല സീതാരാമൻ ഇന്ന് ലോക്സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മിക്ക രാജ്യങ്ങളേക്കാളും മികച്ചതാണെന്നും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണെന്നും നിർമ്മല സീതാരാമൻ അഭിപ്രായപ്പെട്ടു.

“ഇന്ത്യ സ്തംഭനാവസ്ഥയിലാകുമെന്നോ യുഎസ്എയിൽ സാങ്കേതിക മാന്ദ്യം എന്ന് വിളിക്കുന്നതിനെക്കുറിച്ചോ ഒരു ചോദ്യവുമില്ല. ഇന്ത്യ മാന്ദ്യത്തിലേക്ക് വഴുതി വീഴാനുള്ള സാധ്യത പൂജ്യമാണ്.”- കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു.