വയനാടിന് പിന്നാലെ കണ്ണൂരിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

single-img
1 August 2022

വയനാടിന് പിന്നാലെ കണ്ണൂരിലും ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമിലാണ് രോഗം കണ്ടെത്തിയത്. 14 പന്നികൾ ഫാമിൽ ഇതുവരെ രോഗം ബാധിച്ച് ചത്തു. സ്ഥിതി വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും.

വയനാട്ടിലെ മാനന്തവാടിയിലെ ഫാമിലാണ് രോഗബാധ ആദ്യമായി സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് നാന്നൂറ്റി അറുപതോളം പന്നികളെ കൊന്നിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് മാനന്തവാടി നഗരസഭാ പരിധിയിലെ മൂന്ന്‌ ഫാമുകളിലെ നൂറോളം പന്നികളെ കൊന്നത്. തവിഞ്ഞാൽ കരിമാനിയിലെ ഫാമിലെ 360 പന്നികളെ നേരത്തെ കൊന്നിരുന്നു.

കുഴിനിലം വെളിയത്ത്‌ കുര്യാക്കോസ്‌, കുറ്റിമൂല പുത്തൻപുര വിബീഷ്‌, കല്ലുമൊട്ടംകുന്ന്‌ മൂത്താശ്ശേരി ഷാജി എന്നിവരുടെ ഫാമുകളിലെ പന്നികളെയാണ്‌ ബുധനാഴ്‌ച കൊന്നത്‌. ആദ്യകണക്കെടുപ്പിൽ ഈ ഫാമുകളിലായി 80 പന്നികളാണുണ്ടായിരുന്നത്‌. എന്നാൽ പിന്നീട്‌ പ്രസവിച്ച പന്നികളുടെ കുഞ്ഞുങ്ങളടക്കം നൂറോളം എണ്ണത്തെ ഉൻമൂലനം ചെയ്‌തു.

വിബീഷിന്റെ ഫാമിലുള്ള 29 പന്നികളെയാണ് ആദ്യം കൊന്നത്‌. ആകെയുള്ള ഏഴ്‌ സെന്റ്‌ സ്ഥലത്തായിരുന്നു ഫാമുണ്ടായിരുന്നത്‌. ഇവിടെ ജഡം സംസ്‌കരിക്കുന്നതിനുള്ള കുഴി എടുക്കുന്നതിന്‌ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ ഫാമിനോട് ചേർന്നുള്ള ബന്ധുവിന്റെ സ്ഥലത്ത് സംസ്‌കരിച്ചു. മണ്ണ്‌ മാന്തിയന്ത്രം ഉപയോഗിച്ച്‌ 11 അടി താഴ്ച്ചയിലും 12 അടി വീതും വീതിയിലും നീളത്തിലും കുഴിയെടുത്താണ്‌ കുഴിച്ചുമുടിയത്‌. മൂത്താശേരി ഷാജിയുടെ ഫാമിലെ പന്നികളെ കൊല്ലാനുള്ള നടപടികൾ വൈകിട്ട്‌ ആറോടെയാണ്‌ തുടങ്ങിയത്‌. മുപ്പത്തിഒന്നോളം പന്നികളെ കൊന്നു. പിന്നീട്‌ കുര്യാക്കോസിന്റെ മുപ്പത്തി അഞ്ചോളം പന്നികളെയും കൊന്നു.

രോഗബാധ മേഖലയിലും നിരീക്ഷണ പ്രദേശത്തും പന്നികളുടെ കശാപ്പും മാംസ വിൽപ്പനയും കലക്ടർ കർശനമായി നിരോധിച്ചിട്ടുണ്ട്. എടവകയിലെ വെറ്ററിനറി സർജൻ ഡോ. സീലിയ ലോയ്‌സിന്റെയും കാട്ടിമൂലയിലെ വെറ്ററിനറി സർജൻ ഡോ. ഫൈസൽ യൂസഫിന്റെയും നേതൃത്വത്തിൽ നാല് അംഗങ്ങൾ വീതമുള്ള നീരീക്ഷണ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ഇവർ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്‌.