തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; 3 ദിവസത്തിനിടെ മൂന്നാമത്തെ സംഭവം

single-img
27 July 2022

തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആത്മഹത്യ തുടര്‍ക്കഥയാകുന്നു. ശിവകാശിക്ക് സമീപമുള്ള അയമ്പട്ടിയില്‍ 11ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആണ് ആത്മഹത്യ ചെയ്താ നിലയിൽ കണ്ടെത്തിയത്. വൈകിട്ടാണ് സംഭവം. പടക്ക നിർമാണശാലയിൽ ജോലിചെയ്യുന്ന കണ്ണൻ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളിൽ മരിച്ചത്. മാതാപിതാക്കൾ ജോലിക്കായും മുത്തശ്ശി കടയിലേക്കും പോയ സമയത്തായിരുന്നു സംഭവം. നാട്ടുകാർ അറിയിച്ചതനുസരിച്ചു സ്ഥലത്തു എത്തിയ പൊലീസ് മൃതദേഹം ശിവകാശി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കടലൂര്‍ ജില്ലയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു. ഇതിന് ഒരു ദിവസം മുന്‍പ് തിരുവള്ളൂരിലും പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. ഹോസ്റ്റലിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. രണ്ട് മരണങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കള്ളക്കുറിച്ചിയില്‍ രണ്ടാഴ്ച മുന്‍പാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. അദ്ധ്യാപകരുടെ പീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നത് എന്ന് കുറിപ്പെഴുതി വച്ചതിന് ശേഷമായിരുന്നു ആത്മഹത്യ. ഈ സംഭവം തമിഴ്‌നാട്ടില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധിക്കുകയും, നിരവധി വാഹനങ്ങളും സ്‌കൂളുമെല്ലാം തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.