തമിഴ്നാട്ടില്‍ വീണ്ടുമൊരു കൗമാരക്കാരി ആത്മഹത്യ ചെയ്തു

single-img
26 July 2022

ചെന്നൈ: കള്ളക്കുറിച്ചിയിലേയും തിരുവള്ളൂരിലേയും ആത്മഹത്യകള്‍ക്ക് പിന്നാലെ തമിഴ്നാട്ടില്‍ വീണ്ടുമൊരു കൗമാരക്കാരി ആത്മഹത്യ ചെയ്തു.

കടലൂര്‍ സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്.

സംഭവസ്ഥലത്തു നിന്നും വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. പഠനവുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദവും അമ്മ വഴക്കു പറഞ്ഞതുമാണ് കാരണമെന്ന് പൊലീസ് പറഞ്ഞുവെങ്കിലും അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയെ ഐഎഎസ് ഉദ്യോഗസ്ഥയാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായി പരിശീലനവും നല്‍കിയിരുന്നു. പഠനത്തിലെ സമ്മര്‍ദ്ദം പെണ്‍കുട്ടിയെ ബാധിച്ചിരുന്നു. ഇതിനൊപ്പം അമ്മ വഴക്ക് പറഞ്ഞത് മാനസികമായി തളര്‍ത്തിയതാകാം ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ജൂലൈ 13നാണ് തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ ശക്തി സ്‌കൂളിലെ ഹോസ്റ്റലില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. മരണത്തിന് പിന്നാലെ പ്രതിഷേധവും അക്രമസംഭവങ്ങളും പ്രദേശത്ത് അരങ്ങേറിയിരുന്നു.

കഴിഞ്ഞ ദിവസമാണ് തിരുവള്ളൂരിലെ സേക്രഡ് ഹാര്‍ട്ട്സ് എയ്ഡഡ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട്ടിലെ വിഴുപുരത്ത് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൗമാരക്കാരായ വിദ്യാര്‍ത്ഥിനികളുടെ തുടര്‍ച്ചയായ മരണങ്ങളില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആശങ്ക പ്രകടിപ്പിച്ചു. ആത്മഹത്യയിലേക്ക് നയിക്കുന്ന ചിന്തകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ അകന്ന് നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു.