സിഇടി വിദ്യാര്‍ത്ഥികളെ പിന്തുണച്ച ശബരീനാഥനും ബല്‍റാമിനുമെതിരെ യുഡിഎഫ് പ്രവർത്തകർ

single-img
21 July 2022

തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജ് പരിസരത്തെ ബസ് കാത്തിരുപ്പ് കേന്ദ്രം സദാചാരവാദികള്‍ വെട്ടിപ്പൊളിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികളെ പിന്തുണച്ച കോണ്‍ഗ്രസ് നേതാക്കളായ കെ എസ് ശബരീനാഥനെയും വി ടി ബല്‍റാമിനെയും പരിഹസിച്ച് യുഡിഎഫ് അണികള്‍ സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയ്ക്കുന്നു.

കോണ്‍ഗ്രസ് പാർട്ടിയുടെ അനുഭാവികളില്‍ നിന്നുള്‍പ്പെടെ വിമര്‍ശനം നേരിടുകയാണ് ഇരുവരും സോഷ്യൽ മീഡിയയിൽ . ഒരുമിച്ചു ഇരിക്കാൻ പറ്റിയില്ലേൽ മടിയില്‍ ഇരിക്കുമെന്ന് കാണിച്ചുകൊണ്ട് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പിന്തുണച്ചതിനോട് അനുകൂലിക്കാന്‍ ആകില്ലെന്നാണ് വിമര്‍ശിക്കുന്നവരുടെ വാദം.

നേതാക്കൾ ഇതുപോലെയുള്ള പ്രവൃത്തികളെ അനുകൂലിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത് എന്നും ചില പ്രവര്‍ത്തകര്‍ കമന്റുകളിലൂടെ ചോദിക്കുന്നു. മാത്രമല്ല, നേതാക്കള്‍ പറയുന്നതിനെയെല്ലാം പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും ‘താങ്കളുടെ ഭാര്യയോ പെങ്ങളോ മറ്റുള്ളവന്റെ മടിയില്‍ കേറി ഇരിക്കുന്നതിന് താങ്കൾക്ക്പ്രശ്നമൊന്നും തോന്നുന്നില്ലേ? ഇല്ലെങ്കില്‍ താങ്കളൊരു വാഴയാണ്’ എന്നിങ്ങിനെ പോകുന്നു കമന്റുകൾ.

‘സദാചാരവാദികള്‍ക്ക് മനോഹരമായ മറുപടിയാണ് നല്‍കിയിരിക്കുന്നത്. കൂട്ടുകാരെല്ലാം സീറ്റുകളില്‍ ഒത്തുകൂടിയപ്പോള്‍ ഒരു മിന്നലുമടിച്ചില്ല, മാനവുമിടിഞ്ഞില്ല. സിഇടിക്കാര്‍ക്ക് ഒരേ മനസ്സാണ് എന്ന് വീണ്ടും തെളിയിച്ചു. സിഇടി വിദ്യാര്‍ത്ഥിയായതില്‍ അഭിമാനിക്കുന്നു’ എന്ന് കെ എസ് ശബരീനാഥന്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നു. ‘വിശദീകരണങ്ങളുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തിരുവനന്തപുരം സിഇടി വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദനങ്ങള്‍’ എന്നായിരുന്നു ബൽറാം എഴുതിയത്.