എംഎം മണിയുടെ പ്രസംഗത്തില്‍ തെറ്റില്ല; മഹതിയെന്ന് വിളിച്ചത് ഏതെങ്കിലും തരത്തില്‍ അപകീര്‍ത്തികരമാണെന്ന് പറയാനാകില്ല: മുഖ്യമന്ത്രി

single-img
14 July 2022

നിയമസഭയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശങ്ങൾ നടത്തിയ വടകര എംപി കെകെ രമക്കെതിരെ പേര് പറയാതെ എംഎം മണി നടത്തിയ പ്രസംഗത്തില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെകെ രമ ഒരു വിധവയായതില്‍ സിപിഎമ്മിന് പങ്കില്ലെന്നാണ് എം എം മണി പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രമയെ മഹതിയെന്ന് വിളിച്ചത് അപകീര്‍ത്തികരമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങിനെ : ”എംഎം മണി നടത്തിയ പ്രസംഗത്തിന്റെ ഭാഗം ഞാന്‍ കേട്ടു. അതില്‍ അദ്ദേഹം പറഞ്ഞത് അവര്‍ വിധവയായതില്‍ ഞങ്ങള്‍ക്ക് പങ്കില്ലെന്നാണ്. ഞങ്ങള്‍ എന്നത് കൊണ്ട് അദ്ദേഹം ഉദേശിച്ചത് സിപിഎമ്മിനെയും എല്‍ഡിഎഫിനെയുമാണ്. എംഎം മണി നടത്തിയ പ്രസംഗത്തില്‍ തെറ്റുണ്ടെന്ന് പറയാനാകില്ല. അവരെ മഹതിയെന്ന് വിളിച്ചത് ഏതെങ്കിലും തരത്തില്‍ അപകീര്‍ത്തികരമാണെന്ന് പറയാന്‍ സാധിക്കില്ല.”

അതേസമയം, താന്‍ ആരെയും അപമാനിക്കണമെന്ന് ഉദേശിച്ചിട്ടില്ലെന്ന് എംഎം മണിയും പറഞ്ഞു. തന്റെ വീക്ഷണത്തില്‍ തോന്നിയ കാര്യമാണ് സഭയിൽ പരാമര്‍ശിച്ചതെന്നും സംസ്ഥാന സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ തുടര്‍ഭരണമെന്ന അംഗീകാരം കണ്ട് കലി കയറി സഭയില്‍ ബഹളം വയ്ക്കുന്നതിനോട് യോജിപ്പില്ല.

ഇതിലൊന്നും വഴങ്ങുന്ന പ്രശ്‌നമില്ല. ഞാന്‍ ആരെയും അപമാനിച്ചിട്ടില്ലെന്ന് പ്രത്യേകമായി ഓര്‍മപ്പെടുത്തുന്നു. മുദ്രാവാക്യം വിളിച്ച് എന്നെ പേടിക്കുകയൊന്നും വേണ്ട. ഈ മുദ്രാവാക്യം വിളി കുറെ ഞാന്‍ കേട്ടതാണ്. നേതാക്കന്‍മാരെ കടന്നാക്രമിച്ചാല്‍ ഞാന്‍ അതിനെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.