പട്നയിലെ ദലിത് വിദ്യാര്‍ത്ഥിയ്ക്ക് അമേരിക്കയില്‍ പോയി പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ്

single-img
12 July 2022

പട്നയിലെ ഒരു പാവപ്പെട്ട ദലിത് വിദ്യാര്‍ത്ഥിയ്ക്ക് അമേരിക്കയില്‍ പോയി പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ്. ബിഹാറില്‍ നിന്നുള്ള ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പ്രേംകുമാര്‍.

ഫുല്‍വാര്‍ഷെരീഫിലെ ഗോണ്‍പുര എന്ന ചെറിയ ഗ്രാമത്തിലാണ് അവന്‍ താമസിക്കുന്നത്. അമേരിക്കയിലെ പ്രശസ്തമായ ലഫായെറ്റ് കോളേജില്‍ ചേരാനുള്ള 2.5 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പാണ് അവന്‍ കരസ്ഥമാക്കിയത്.

നാല് വര്‍ഷത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് കോഴ്സ് പഠിക്കാനാണ് അവന്‍ പോകുന്നത്. ലോകമെമ്ബാടുമുള്ള വിദ്യാര്‍ത്ഥികളില്‍ ആകെ ആറു പേര്‍ക്ക് മാത്രമാണ് ഓരോ വര്‍ഷവും ഈ ഫെലോഷിപ്പ് ലഭിക്കുന്നത്. അതിലൊരാളാണ് ഇപ്പോള്‍ ഈ 17 -കാരന്‍.

പ്രേമിന്റെ അച്ഛന് കൂലി പണിയാണ്. അദ്ദേഹം ഒരിക്കലും സ്‌കൂളില്‍ പോയിട്ടില്ല. അവന്റെ അമ്മയാകട്ടെ അവന് പത്ത് വയസുള്ളപ്പോള്‍ മരിച്ചു പോയി. കുടുംബത്തില്‍ നിന്ന് കോളേജില്‍ പോയി പഠിക്കുന്ന ഏക വ്യക്തി താനായിരിക്കുമെന്ന് അവന്‍ പറയുന്നു.

കുട്ടിക്കാലം മുഴുവന്‍ ദാരിദ്ര്യത്തിലും ഇല്ലായ്മയിലുമാണ് അവന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഈ കുറവുകള്‍ക്കിടയിലും, പ്രേം പഠിക്കാന്‍ മിടുക്കനായിരുന്നു. ബീഹാറിലെ മഹാദളിത് മുസാഹര്‍ സമുദായത്തില്‍ നിന്നുള്ള അവന്‍, തന്റെ സമുദായത്തില്‍ നിന്ന് ഇത്രയും വലിയ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന ആദ്യ വ്യക്തിയായിരിക്കും. ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് ഇത്രയും വലിയ സ്‌കോളര്‍ഷിപ്പ് നേടി പഠിക്കാന്‍ പുറത്ത് പോകുന്നത് ഒരു ചെറിയ കാര്യമല്ല. കഠിനാധ്വാനവും, അര്‍പ്പണബോധവുമാണ് അവന്റെ ഈ വിജയത്തിന് പിന്നില്‍.

ഇപ്പോള്‍ അവന്‍ ശോഷിത് സമാധാന കേന്ദ്രത്തില്‍ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഈ വര്‍ഷാവസാനം, അവന്‍ യുഎസിലേക്ക് പറക്കും. അവന് ലഭിച്ച രണ്ടരക്കോടി രൂപയുടെ സ്‌കോളര്‍ഷിപ്പില്‍ താമസ ചിലവുകള്‍, ട്യൂഷന്‍ ഫീസ്, ആരോഗ്യ ഇന്‍ഷുറന്‍സ്, പുസ്തകങ്ങള്‍, യാത്രാ ചെലവുകള്‍ എന്നിവ ഉള്‍പ്പെടുന്നു. യൂണിവേഴ്സിറ്റി അധികൃതരുടെ അഭിപ്രായത്തില്‍, ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും കഠിനവുമായ പരീക്ഷകളില്‍ ഒന്നാണ് ഇത്.

പെന്‍സില്‍വാനിയയിലെ ലഫായെറ്റ് കോളേജ് അമേരിക്കയിലെ മുന്‍നിര എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒന്നാണ്. 14-ാം വയസ്സില്‍ ഡെക്സ്റ്ററിറ്റി ഗ്ലോബല്‍ എന്ന ദേശീയ സംഘടനയാണ് അവന് ഇതിനാവശ്യമായ പരിശീലനം നല്‍കിയത്. തുടര്‍ന്നാണ് അവന്‍ സ്‌കോളര്‍ഷിപ് ലഭിക്കാനുള്ള യോഗ്യത നേടിയത്. ഈ നേട്ടം കൈവരിക്കാന്‍ തന്നെ സംഘടന സഹായിച്ചിട്ടുണ്ടെന്ന് കുമാര്‍ പറഞ്ഞു.

ഡെക്സ്റ്ററിറ്റി ഗ്ലോബലിന്റെ സ്ഥാപകനും സിഇഒയുമാണ് ശരദ് സാഗര്‍. ഈ സംഘടനയുടെ കീഴില്‍, ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ 100 കോടിയിലധികം രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ ലഭിച്ചതായി അദ്ദേഹം അവകാശപ്പെടുന്നു. 2016-ല്‍ ഫോബ്സിന്റെ മുപ്പത് വയസിന് താഴെയുള്ള പ്രശസ്ത വ്യക്തികളുടെ പട്ടികയില്‍ ഒരു സാമൂഹിക സംരംഭകനായ അദ്ദേഹത്തിന്റെ പേരും ഉണ്ടായിരുന്നു.