പുതിയ അശോക സ്തംഭത്തിലെ മുഖങ്ങൾ അക്രമണാത്മകം; ഭാവവിത്യാസം ചൂണ്ടിക്കാട്ടി തൃണമൂൽ

single-img
12 July 2022

നിർമ്മാണം പുരോഗമിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച അശോക സ്തംഭത്തിന്റെ അനാച്ഛാദനം പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസമാണ് നിർവ്വഹിച്ചത്. വെങ്കലത്തിൽ തീർത്ത 4.34 മീറ്റർ വീതിയും 6.5 മീറ്റർ ഉയരവുമുള്ള അശോക സ്തംഭം 9500 കിലോ ഭാരവും ഉള്ളതാണ്.

ഇതിന്റെ അനാച്ഛാദനത്തിന് പിന്നാലെ അശോക സ്തംഭത്തെ ചൊല്ലിയുള്ള വിവാദങ്ങളും ഉയരുകയാണ്. മോദിനയിക്കുന്ന കേന്ദ്ര സർക്കാർ ദേശീയ ചിഹ്നത്തെ അപമാനിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് എംപിമാരായ ജവഹർ സിർക്കാറും മഹുവ മൊയ്ത്രയും ആരോപിച്ചു.

വളരെ ആക്രമണാത്മകവും ആനുപാതികമല്ലാത്തതുമായ സാദൃശ്യമാണ് പുതിയ അശോക സ്തംഭത്തിനുള്ളതെന്ന് തൃണമൂൽ ആരോപിക്കുന്നു. അശോകസ്തംഭത്തിന്റെ മുന്പത്തേയും ഇപ്പോഴത്തെയും രണ്ട് ചിത്രങ്ങൾ പങ്കുവെച്ചാണ് തൃണമൂൽ കോൺഗ്രസിന്റെ വിമർശനം

‘ നമ്മുടെ രാജ്യത്തിന്റെ ദേശീയ ചിഹ്നമായ അശോകസ്തംഭത്തെ അപമാനിക്കുകയാണ്. ശരിയായത് ഇടതുവശത്താണ്, ഭംഗിയുള്ളതും ആത്മവിശ്വാസമുള്ളതുമാണ് ഇത്. എന്നാൽ വലതുവശത്തുള്ളത് പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള നരേന്ദ്രമോദിയുടെ പതിപ്പാണ്. ആക്രമണാത്മകവും ആനുപാതികമല്ലാത്തതുമാണിത്. ലജ്ജിപ്പിക്കുന്നു! ഉടൻ മാറ്റുക!’, ജവഹർ സിർകാർ ട്വിറ്ററിൽ എഴുതി.