ശ്രീലങ്കയിലേക്കുള്ള ട്യൂണ മത്സ്യം കയറ്റുമതിയിൽ അഴിമതി; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസെടുത്തു

single-img
12 July 2022

ശ്രീലങ്കയിലേക്ക് ട്യൂണ മത്സ്യം കയറ്റുമതി ചെയ്തതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവും ലക്ഷദ്വീപിൽ നിന്നുള്ള ലോക്‌സഭാ എംപിയുമായ മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസെടുത് എഫ്‌ഐആർ ഫയൽ ചെയ്തു. ഫൈസലിന്റെ അനന്തരവനായ അബ്ദുൾ റസാഖിനെയും ശ്രീലങ്ക ആസ്ഥാനമായുള്ള കമ്പനിയായ എസ്ആർടി ജനറൽ മർച്ചന്റ്‌സ് ഇംപോർട്ടർ ആൻഡ് എക്‌സ്‌പോർട്ടറെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്.

കേന്ദ്രഭരണ പ്രദേശമായ കവരത്തി ദ്വീപിലുള്ള ലക്ഷദ്വീപ് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിന്റെ (എൽകെവിഐബി) ഓഫീസിൽ 2022 ജൂൺ 25 ന് സി ബി ഐയും ലക്ഷദ്വീപിലെ വിജിലൻസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കേസ് വെളിപ്പെട്ടത് എന്നാണ് റിപ്പോർട്ട്.

മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള സ്വാധീനമുള്ള വ്യക്തികളും മറ്റ് ചിലരുമായി ഒത്താശ ചെയ്‌ത് പ്രാദേശിക മത്സ്യത്തൊഴിലാളികളെയും പൊതുവകുപ്പുകളെയും കബളിപ്പിച്ചതിന് പങ്കുണ്ടെന്ന് സി.ബി.ഐ അന്വേഷണത്തിൽ കണ്ടെത്തി. എംപിയുമായി ബന്ധമുള്ള ഡൽഹി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ആറ് സ്ഥലങ്ങളിൽ ചൊവ്വാഴ്ചയും സിബിഐ റെയ്ഡ് നടത്തി.

ലക്ഷദ്വീപിൽ നിന്ന് ശ്രീലങ്ക ആസ്ഥാനമായുള്ള സ്ഥാപനത്തിലേക്ക് ട്യൂണ മത്സ്യം കയറ്റുമതി ചെയ്യുന്നതിൽ മുഹമ്മദ് ഫൈസൽ പ്രധാന പങ്കുവഹിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ട്യൂണയുടെ ശരാശരി അന്താരാഷ്ട്ര വില ആദ്യം കിലോയ്ക്ക് 400 രൂപയാണ്. ലക്ഷദ്വീപ് കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ (എൽസിഎംഎഫ്) വഴി പ്രാദേശിക മത്സ്യത്തൊഴിലാളികളിൽ നിന്ന് സംഭരിച്ച മത്സ്യം പിന്നീട് ശ്രീലങ്കൻ സ്ഥാപനമായ എസ്ആർടി ജനറൽ മർച്ചന്റ്സിലേക്ക് കയറ്റുമതി ചെയ്തു. പക്ഷെ ലക്ഷദ്വീപ് കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷനിലേക്ക് എസ്ആർടി ജനറൽ മർച്ചന്റ്സ് ഫെഡറേഷൻ കാരണം പണമടയ്ക്കാത്തതിനാൽ പ്രാദേശിക മത്സ്യത്തൊഴിലാളികൾക്ക് വൻ നഷ്ടമുണ്ടായി.