ഇന്ത്യയ്‌ക്കൊപ്പം കാളി ദേവിയുടെ അനുഗ്രഹമുണ്ട്: പ്രധാനമന്ത്രി
സിഗരറ്റ് വലിക്കുന്ന രീതിയിലുള്ള കാളിദേവിയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തിൽ പരോക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കാളി ദേവിയുടെ അനുഗ്രഹം ഇന്ത്യയോടൊപ്പം ഉണ്ടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ബംഗാളിലെ രാമകൃഷ്ണ മഠത്തിന്റെ 15-ാമത് അദ്ധ്യക്ഷനായിരുന്ന സ്വാമി ആത്മസ്ഥാനന്ദയുടെ ശതാബ്ദി ആഘോഷങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാളിലെ കാളി പൂജയെ കുറിച്ചും സ്വാമി വിവേകാനന്ദനയെ കുറിച്ചും പ്രധാനമന്ത്രി ചടങ്ങിൽ സംസാരിച്ചു.
സ്വാമി വിവേകാനന്ദൻ എത്രയോ വലിയ മനുഷ്യനാണ്. എന്നാൽ കാളി ദേവിയോടുള്ള ഭക്തിയിൽ അദ്ദേഹം ഒരു കൊച്ചു കുട്ടിയെ പോലെയായിരുന്നു. ആ രീതിയിലുള്ള അചഞ്ചലമായ വിശ്വാസം സ്വാമി ആത്മസ്ഥാനന്ദയിലും ഉണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലീന മണി മേഖല സംവിധാനം ചെയ്യുന്ന ‘കാളി’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ പോസ്റ്റർ പുറത്തുവിട്ടതോടെയാണ് വിവാദങ്ങൾ ആരംഭിക്കുന്നത്.