നായകൻറെ ഡയലോഗ് ‘വില്ലനായി’; കടുവ സിനിമയ്ക്ക് ഭിന്നശേഷി കമ്മീഷണറുടെ നോട്ടീസ്

single-img
9 July 2022

നായകൻ വില്ലനോട് പറഞ്ഞ ഡയലോഗ് വില്ലനായപ്പോൾ ‘കടുവ’ സിനിമയുടെ സംവിധായകൻ ഷാജി കൈലാസ്, നിർമാതാക്കളായ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്ക് നോട്ടീസ്. സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശനാണ് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്.

‘നമ്മൾ ചെയ്തു കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും’ എന്ന നായകന്റെ ഡയലോഗ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വിവാദമായതിനെ തുടർന്നാണ് നടപടി. ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രമായ വിവേക് ഒബ്‌റോയിയുടെ ജോസഫ് ചാണ്ടിയോട് നായകൻ കുര്യാച്ചൻ പറയുന്ന ഡയലോഗാണിത്.

തിരശീലയിൽ ഈ സമയം വില്ലന്റെ ഭാര്യയും മകളും ഭിന്നശേഷിക്കാരനായ മകനും കാറിൽ ഇരിക്കുന്ന രംഗമാണ് കാണിക്കുന്നത് . ഇത്തരത്തിലുള്ള സംഭാഷണം ഭിന്നശേഷിക്കാരായ കുട്ടികളെയും മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലെന്ന നിരീക്ഷണത്തെ തുടർന്നാണ് കമ്മീഷൻ ഇടപെടൽ ഉണ്ടായിരിക്കുന്നത്.