ഉക്രൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് മഹാഭാരതത്തിലെ കൃഷ്ണന്റെ നിലപാടിനെയും പ്രവര്‍ത്തികളെയും അടിസ്ഥാനമാക്കി: എസ് ജയശങ്കർ

single-img
6 July 2022

റഷ്യ – ഉക്രൈന്‍ വിഷയത്തില്‍ ഇന്ത്യ ശരിയായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ‘യുദ്ധം ഒഴിവാക്കുക, പകരം നയതന്ത്രത്തിലേക്കും ചര്‍ച്ചകളിലേക്കും തിരിച്ചുവരിക,’ എന്ന മഹാഭാരതത്തിലെ കൃഷ്ണന്റെ നിലപാടിനെയും പ്രവര്‍ത്തികളെയും അടിസ്ഥാനമാക്കിയാണ് ഉക്രൈന്‍ വിഷയത്തില്‍ ഇന്ത്യ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം ദല്‍ഹി സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ പറഞ്ഞു.

അതേപോലെ തന്നെ ബി.ജെ.പി മുൻ ദേശീയ വക്താവ് നുപുര്‍ ശര്‍മയുടെ പ്രവാചക നിന്ദാ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പെട്ടെന്ന് തണുക്കാനും ഒത്തുതീര്‍പ്പാകാനും കാരണം ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത ബന്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

” അടുത്ത സമയം പ്രധാനമന്ത്രി യു.എ.ഇ സന്ദര്‍ശിച്ചു. നിരവധി അന്താരാഷ്ട്ര വേദികളില്‍ അദ്ദേഹം ആക്ടീവായിരുന്നു. ധാരാളം ലോക നേതാക്കള്‍ക്ക് പ്രധാനമന്ത്രിയെ അറിയാം. അവര്‍ക്ക് അദ്ദേഹത്തെ അറിയാം, നമ്മളെ അറിയാം, ഈ സര്‍ക്കാരിനെ അറിയാം.”- ജയശങ്കർ പറഞ്ഞു.