എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം;ഇന്ത്യയെ പരാജയപ്പെടുത്തിയത് 7 വിക്കറ്റിന്

single-img
5 July 2022

എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ആധികാരികമായ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയവുമായി ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് സമനിലയാക്കി. ബാറ്റ് ചെയ്തപ്പോൾ 378 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ 107-0ല്‍ നിന്ന് 109-3 ലേക്ക് വീണ ശേഷം ജോ റൂട്ട്- ജോണി ബെയര്‍‌സ്റ്റോ സഖ്യം പിരിയാത്ത കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ടിനെ കൈപിടിച്ചുയര്‍ത്തിയത് ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നിലേക്കായിരുന്നു.

രാജ്യത്തിന്റെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ട് നാലാം ഇന്നിംഗ്‌സില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന വിജലക്ഷ്യമാണിത്. നേരത്തെ 2019ല്‍ ഓസ്‌ട്രേലിയക്കെതിരെ ലീഡ്‌സില്‍ 359 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതാണ് ഇതിന് മുമ്പത്തെ റെക്കോര്‍ഡ്. അതിനു മുൻപ് 1928-29ല്‍ ഓസ്‌ട്രേലിയക്കെതിരെ 332 റണ്‍സ്, 2000ല്‍ ഓസ്‌ട്രേലിയക്കെതിരെ 315 റണ്‍സ് എന്നിങ്ങനെയായിരുന്നു ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച നാലാം ഇന്നിംഗ്‌സ് ചേസിംഗ്.

മാത്രമല്ല ഇന്ത്യക്കെതിരെ ഒരു ടെസ്റ്റില്‍ ഏതെങ്കിലും ഒരു ടീം നാലാം ഇന്നിംഗ്‌സില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറുമാണിത്. നേരത്തെ 1977ല്‍ പെര്‍ത്തില്‍ ഓസ്‌ട്രേലിയ 339 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ്. 1987ല്‍ ഡല്‍ഹിയില്‍ വെസ്റ്റ് ഇന്‍ഡീസ് 276 റണ്‍സും ഈ വര്‍ഷം ജൊഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്ക 240 റണ്‍സും ഇന്ത്യക്കെതിരെ പിന്തുടര്‍ന്ന് ജയിച്ചിട്ടുണ്ട്.