എ കെ ജി സെന്റർ ആക്രമണത്തിൽ കോൺഗ്രസിനെ സംശയമുണ്ട്: എം എം മണി

single-img
4 July 2022

എ കെ ജി സെന്റർ ആക്രമണത്തിൽ കോൺഗ്രസിനെ സംശയമുണ്ടെന്ന് എം എം മണി. കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ തന്നെ എ കെ ജി സെന്റർ ആക്രമിക്കുമെന്ന് പറഞ്ഞിട്ടുണ്ട് എന്നും അതുകൊണ്ടു കോൺഗ്രസ്സിനെ സംശയിക്കുന്നത് ന്യായമാണ് എന്നും എം എം മണി. എ കെ ജി സെന്ററിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിയന്തര പ്രമേയം അവതരിപ്പിച്ചപ്പോൾ കൂടുതൽ സംശയമായെന്നും എന്നാൽ, അന്വേഷിക്കാതെ വേണമെങ്കിൽ കോൺഗ്രസുകാരെ പിടിച്ച് അകത്തിടുന്ന സമീപനം ഈ സർക്കാരിനില്ല എന്നും എം എം മണി പറഞ്ഞു. അന്വേഷിച്ച് മാത്രമേ യഥാർത്ഥ കുറ്റവാളികളെ ഞങ്ങൾ കണ്ടെത്തൂ.ഈ രീതി കോൺഗ്രസുകാർക്ക് അന്യമാണെന്നും അദ്ദേഹം പരിഹസിച്ചു. കെ പി സി സി അദ്ധ്യക്ഷനെതിരെയും അദ്ദേഹം രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു.

നേരത്തേ അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് പി സി വിഷ്ണുനാഥ് സർക്കാരിനെതിരെയും പൊലീസിനെതിരെയും രൂക്ഷ വിമർശമാണ് ഉന്നയിച്ചത്. എ കെ ജി സെന്ററിൽ ഉണ്ടായത് നാനോ ഭീകരാക്രമണമാണോ എന്ന് ചോദിച്ച അദ്ദേഹം കരിയില പോലും കത്താത്ത മൂന്ന് കല്ലുകളെ മാത്രം ലക്ഷ്യം വച്ചുള്ള ഭീകരാക്രമണമായിരുന്നു അതെന്ന് പരിഹസിക്കുകയും ചെയ്തു.