ഏഷ്യാകപ്പിലേക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രവേശനം ഉറപ്പാക്കി; ഫിഫ ലോക റാങ്കിംഗിൽ ഇന്ത്യയ്ക്ക് മുന്നേറ്റം

single-img
23 June 2022

ഏഷ്യാകപ്പിലേക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രവേശനം ഉറപ്പാക്കിയ ഇന്ത്യക്ക് മറ്റൊരു നേട്ടം കൂടി സ്വന്തമായി . ഫിഫ ലോക റാങ്കിംഗിൽ 106ാം സ്ഥാനത്തായിരുന്ന ഇന്ത്യ രണ്ടുസ്ഥാനം മറികടന്ന് 104ാം സ്ഥാനത്തെത്തി. ഈ വർഷം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് പ്രവേശനം ചെറിയ മാർജിനിൽ നഷ്ടമായ ന്യൂസിലാൻഡാണ് ഇന്ത്യക്ക് തൊട്ടുമുമ്പിലുള്ളത്. ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളിൽ ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായാണ് സുനിൽ ഛേത്രിയും സംഘവും യോഗ്യത 2023ൽ നടക്കുന്ന ടൂർണമെൻറിൽ കളിക്കുന്ന 24 ടീമുകളിലൊന്നായത്. അവസാന മത്സരത്തിൽ അതുവരെ ഗ്രൂപ്പ് ചാമ്പ്യന്മാരായിരുന്ന ഹോങ്കോങ്ങിനെ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു പരാജയപ്പെടുത്തിയത്.

ഇൻറർകോണ്ടിനൻറൽ പ്ലേഓഫിൽ ഒരു ഗോളിന് കോസ്റ്റാറിക്കയോട് പരാജയപ്പെട്ടതോടെയാണ് ന്യൂസിലാൻഡിന് ലോകകപ്പ് കളിക്കാനുള്ള അവസരം നഷ്ടമായത്. അതേസമയം, ലോകറാങ്കിംഗ് മെച്ചപ്പെടുത്തിയെങ്കിലും ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ അംഗങ്ങൾക്കിടയിൽ ഇന്ത്യ ഇപ്പോഴും 19ാം സ്ഥാനത്ത് തന്നെയാണുള്ളത്.

ഇന്ത്യയുടെ വനിതാ ടീമാകട്ടെ , ഫിഫ ലോക റാങ്കിംഗിൽ 59ാം സ്ഥാനത്ത് നിന്ന് 56ാം സ്ഥാനത്തേക്ക് മുന്നേറി.ഈ വർഷത്തെ ഫിഫ റാങ്കിംഗിൽ 23ാം സ്ഥാനത്തുള്ള ഇറാനാണ് ഏഷ്യൻ രാജ്യങ്ങളിൽനിന്ന് ഒന്നാമൻ. തൊട്ടുപിന്നാലെ ജപ്പാൻ-24, ദക്ഷിണ കൊറിയ-28, ആസ്‌ത്രേലിയ -39, ഖത്തർ-49, സൗദി അറേബ്യ-53, യുഎഇ-69 എന്നിങ്ങനെയാണ് ലോക റാങ്കിംഗിലെ ഇതര ഏഷ്യൻ രാജ്യങ്ങളുടെ സ്ഥാനം.