വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം; പൊളിഞ്ഞത് സിപിഎമ്മിന്‍റെയും സര്‍ക്കാരിന്‍റെയും കപടവാദങ്ങൾ: കെ സുധാകരൻ

single-img
23 June 2022

വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്യ്ത് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫർസീൻ മജീദ്, ആർ കെ നവീൻ എന്നിവർക്ക് ജാമ്യവും കൂടാതെ പൊലീസ് മൂന്നാം പ്രതിയാക്കി കേസെടുത്ത സുജിത് നാരായണനും മുൻകൂർ ജാമ്യവും ഹൈക്കോടതി അനുവദിച്ചത് ഇവരുടെ നിരപരാധിത്വം ബോധ്യമായതിനാലാണ്.

ഇവർക്കെതിരെ കള്ളക്കേസ് എടുത്ത് യുവാക്കളെ ജയിലിലടക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരം കൂടിയാണിത്. യുവാക്കൾ നടത്തിയ പ്രതിഷേധം മുഖ്യമന്ത്രിയോടുള്ള വ്യക്തിവിരോധമല്ലെന്ന് നിരീക്ഷിച്ച കോടതി എയര്‍പോര്‍ട്ട് മാനേജരുടെ റിപ്പോര്‍ട്ടിലെ പൊരുത്തക്കേടും ചൂണ്ടിക്കാട്ടിയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

വ്യാജമായ മൊഴികളും വ്യാജറിപ്പോര്‍ട്ടും തയ്യാറാക്കി വിമാനത്തിലെ പ്രതിഷേധത്തെ ഭീകരപ്രവര്‍ത്തനമായി ചിത്രീകരിച്ച സിപിഎമ്മിന്‍റെയും സര്‍ക്കാരിന്‍റെയും കപടവാദങ്ങളാണ് ഇതോടെ പൊളിഞ്ഞതെന്നും സുധാകരന്‍ പറയുന്നു. നാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെന്നിരിക്കെയാണ് ഇത്തരം ഹീനമായ നടപടി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഗുരുതര ആരോപണവിധേയനായ മുഖ്യമന്ത്രി എല്ലാ പ്രതിഷേധത്തിനും അതീതനാണെന്ന സിപിഎമ്മിന്‍റെ കാഴ്ചപ്പാട് മൗഢ്യമാണെന്നും അദ്ദേഹം പറയുന്നു.