ഇസ്ലാമിനെയും വിശുദ്ധ ഗ്രന്ഥമായ ഖുറാനെയും അനാദരിച്ചു; അഫ്‌ഗാനിൽ മോഡലിനെയും മൂന്ന് സഹപ്രവർത്തകരെയും അറസ്റ്റ് ചെയ്തു

single-img
9 June 2022

ഇസ്ലാമിനെയും മുസ്ലീം വിശുദ്ധ ഗ്രന്ഥമായ ഖുറാനെയും അനാദരിച്ചുവെന്ന് ആരോപിച്ചുകൊണ്ട് അഫ്‌ഗാനിസ്ഥാനിൽ ഫാഷൻ മോഡലിനെയും മൂന്ന് സഹപ്രവർത്തകരെയും താലിബാൻ അറസ്റ്റ് ചെയ്തു. അഫ്‌ഗാനിലെ അറിയപ്പെടുന്ന മോഡൽ അജ്മൽ ഹഖിഖിയേയും സഹപ്രവർത്തകരേയുമാണ് താലിബാൻ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അറബി ഭാഷയിൽ ഖുറാൻ വാക്യങ്ങൾ ഹാസ്യാത്മകമായ സ്വരത്തിൽ ചൊല്ലിയതാണ് അറസ്റ്റിന് കാരണം. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് ഇസ്ലാം മതത്തെ പരിഹസിച്ച് കൊണ്ടുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടത്.

ഇതിനെ തുടർന്ന് മോഡലിനേയും സഹായിയേയും അറസ്റ്റ് ചെയ്തതിന് പിന്നാലെ താലിബാനും ഒരു വീഡിയോ പുറത്തുവിട്ടു. ഈ വീഡിയോയിൽ താലിബാൻ സർക്കാരിനോടും മതപണ്ഡിതന്മാരോടും മാപ്പ് പറയുകയും ചെയ്യുന്ന ഹഖിഖിയേയും സഹപ്രവർത്തകരേയും വീഡിയോയിൽ കാണാം.

‘മുഹമ്മദ് നബിയുടെ ഖുറാൻ സൂക്തങ്ങളെയോ വചനങ്ങളെയോ അധിക്ഷേപിക്കാൻ ആരെയും അനുവദിക്കില്ല’ എന്ന അടിക്കുറിപ്പും വീഡിയോയ്ക്കൊപ്പമുണ്ടായിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആംനസ്റ്റി ഇന്റർനാഷണൽ ഒരു പ്രസ്താവന പുറത്തിറക്കി, ‘ഉടനടിയും നിരുപാധികമായും’ ഹഖിഖിയെയും സഹപ്രവർത്തകരെയും മോചിപ്പിക്കണമെന്ന് താലിബാനോട് അഭ്യർത്ഥിച്ചു. എന്നാലിതിൽ താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.