വികസനത്തിലൂടെ മോദി സർക്കാർ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി; ജനജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവന്നു: യോഗി ആദിത്യനാഥ്‌

single-img
2 June 2022

നരേന്ദ്രമോദി മോദി സർക്കാരിന്റെ തുടർച്ചയായ എട്ടു വർഷത്തെ ഭരണത്തെ പ്രശംസിച്ച്യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസന പ്രവർത്തനങ്ങളിലൂടെ മോദി സർക്കാർ ഇന്ത്യയെ സ്വയം പര്യാപ്തമാക്കിയെന്നും ജനജീവിതത്തിൽ അദ്ദേഹം നല്ല മാറ്റം കൊണ്ടുവന്നെന്നും അദ്ദേഹം പറഞ്ഞു.

യുപിയിലെ ബിജെപി ആസ്ഥാനത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെകേന്ദ്രത്തിലെ മോദി സർക്കാരിനെ പ്രശംസിച്ച യു പി മുഖ്യമന്ത്രി കോൺഗ്രസിനെതിരെ ശക്തമായ വിമർശനവും ഉയർത്തി. യുപിഎ സർക്കാരിന്റെ കാലത്ത് അഴിമതിയും ഭീകരാക്രമണങ്ങളും അരങ്ങുവാഴുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ഉയർത്തിയ ‘ഗരീബി ഹഠാവോ’ പോലുള്ള വലിയ മുദ്രാവാക്യങ്ങൾക്ക് അതിന്റെ ലക്ഷ്യം കൈവരിക്കാനായില്ലെന്നും ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന പ്രത്യയശാസ്ത്ര മന്ത്രം പ്രധാനമന്ത്രി മോദി വിഭാവനം ചെയ്തതുപോലെ രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതിലേക്ക് നയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിനായി ‘സേവ, സുരക്ഷ, സുശാസൻ ഔർ ഗരീബ് കല്യാൺ’ (സേവനം, സുരക്ഷ, സദ്ഭരണം, പാവപ്പെട്ടവരുടെ ക്ഷേമം) എന്ന മന്ത്രത്തിൽ ഉറച്ചു വിശ്വസിച്ച് പ്രവർത്തിച്ചതുകൊണ്ട് കഴിഞ്ഞ എട്ട് വർഷംകൊണ്ട് അഭൂതപൂർവമായ നേട്ടങ്ങൾ ബിജെപി സർക്കാർ രാജ്യത്ത് അടയാളപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മുടെ രാജ്യത്തെ സാധാരണക്കാരായ കർഷകരുടെ വരുമാനം ഇരട്ടിയാക്കുക, യുവാക്കൾക്ക് തൊഴിൽ നൽകുക, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കേന്ദ്രവുമായി തോളോട് തോൾ ചേർന്നാണ് യുപിയിലെ തന്റെ സർക്കാർ പ്രവർത്തിച്ചതെന്നും ജൻധൻ അക്കൗണ്ടുകൾ, ആധാർ, മൊബൈൽ സാങ്കേതികവിദ്യ എന്നിവയുടെ സംയോജനം രാജ്യത്ത് വലിയ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് തുടക്കമിട്ടതായും യോഗി വ്യക്തമാക്കി.