മൻസിയയ്ക്ക് നൃത്ത വിലക്ക്; വിവാദങ്ങള്‍ക്ക് കാരണം ക്ഷേത്രഭരണസമിതിയുടെ ജാഗ്രതക്കുറവ്: സിപിഐ

single-img
3 April 2022

തൃശൂർ കൂടല്‍മാണിക്യം ക്ഷേത്ര ഉത്‌സവവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം ക്ഷേത്രഭരണസമിതിയുടെ ജാഗ്രതക്കുറവാണെന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി. നിബന്ധനകള്‍ പാലിച്ച് പ്രോഗ്രാം അവതരിപ്പിക്കുവാന്‍ അപേക്ഷ ക്ഷണിച്ചതിന് ശേഷം ലഭിച്ച അപേക്ഷകളില്‍ ആവശ്യത്തിന് സൂക്ഷ്മപരിശോധന നടത്തേണ്ടതായിരുന്നു.

ഈ കാര്യങ്ങളൊക്കെ ക്ഷേത്ര ഭരണസമിതിയും പ്രോഗ്രാം കമ്മറ്റിയും നിസ്സാരവത്കരിച്ചതാണ് ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനകത്ത് നടക്കുന്ന കലാപരിപാടികളില്‍ അഹിന്ദുക്കളായതിനാല്‍ കലാകാരന്മാര്‍ക്ക് അവസരം നിഷേധിക്കുന്നത് ദുരാചാരമാണെന്ന് ദേവസ്വം ബോര്‍ഡും തന്ത്രിയും സമൂഹവും തിരിച്ചറിഞ്ഞ് മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചു.

കാലാകാരന്മാരെ മതങ്ങൾക്ക് അതീതമായി കാണാനും അവർക്ക് കലാവതരണം നടത്താനും കഴിയുംവിധം ഉചിതമായ തീരുമാനമെടുക്കാന്‍ തന്ത്രികുടുംബങ്ങളിലെ അംഗങ്ങളും തയ്യാറകണമെന്നും സിപിഐ ആവശ്യപ്പെട്ടു. ആരാധനാലായങ്ങള്‍ എന്നത് ഏത് മതത്തിന്റേതായാലും അവിടെ ആരാധിക്കാനും കലാവതരണം നടത്താനും മതഭേദം നോക്കാതെ കലാകാരന്മാരെ അനുവദിക്കാന്‍ ആവശ്യമായ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സിപിഐ ആവശ്യപ്പെട്ടു.