എംകെ സ്റ്റാലിൻ ധരിച്ച ജാക്കറ്റിന് 17 കോടിയെന്ന് വ്യാജ പ്രചാരണം; തമിഴ്‌നാട്ടിൽ യുവമോർച്ച നേതാവ് അറസ്റ്റിൽ

single-img
30 March 2022

ദുബായ് സന്ദർശന സമയം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ധരിച്ചിരുന്ന ജാക്കറ്റിന്റെ വിലയെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ തമിഴ്‌നാട്ടിൽ യുവമോർച്ച നേതാവ് അറസ്റ്റിൽ. യുവമോർച്ച സേലം വെസ്റ്റ് ജില്ലാ സെക്രട്ടറി അരുൾ പ്രസാദാണ് പോലീസ് പിടിയിലായത്. സ്റ്റാലിൻ ധരിച്ചിരുന്ന ജാക്കറ്റിന് 17 കോടി രൂപ വിലയുണ്ടെന്നായിരുന്നു ഇയാളുടെ പ്രചാരണം.

തനിക്ക് ധനമന്ത്രി പളനിവേൽ ത്യാഗരാജനിൽ നിന്നും ലഭിച്ച വിവരമെന്ന പേരിലാണ് ജാക്കറ്റ് ധരിച്ചു നിൽക്കുന്ന സ്റ്റാലിന്റെ ചിത്രവും ഉൾപ്പെടെ ജാക്കറ്റിനെക്കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിച്ചത്. ഇതിനെ തുടർന്ന് വ്യാജ പ്രചാരണങ്ങൾക്കെതിരെ തമിഴ്നാട് ധനമന്ത്രി രംഗത്തെത്തി.

സംസ്ഥാനത്തെ പോലീസിന്റെ സോഷ്യൽ മീഡിയ സെൽ വിജയകരമായി പൊളിച്ചടുക്കുന്ന ആദ്യത്തെ കേസാണിതെന്ന് ധനമന്ത്രി പറഞ്ഞു. വ്യാജ വാർത്തകളുടെ അതിപ്രസരം മൂലം സംസ്ഥാനത്ത് പോലീസിന്റെ സോഷ്യൽ മീഡിയ സെൽ സ്ഥാപിക്കുമെന്ന് ഡിഎംകെ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.