കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന്‍ ബെഞ്ച് എവിടെയാണ് അനുമതി നല്‍കിയത്; സർക്കാരിനോട് ഹൈക്കോടതി

single-img
28 March 2022

കേരളാ സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി മുന്‍കൂര്‍ അനുമതിയില്ലാതെ ജനങ്ങളുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍ കയറിച്ചെല്ലുന്നതും അതിരടയാള കല്ലിടുന്നതും നിയമപരമാണോയെന്ന് ഹൈക്കോടതി . സേവ് നടത്തുമ്പോൾ കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന്‍ ബെഞ്ച് എവിടെയാണ് അനുമതി നല്‍കിയതെന്നും സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

ഈ വിവരം സര്‍ക്കാര്‍ രേഖാമൂലം വ്യക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇന്ന് സില്‍വര്‍ലൈന്‍ പദ്ധതി ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിരീക്ഷണം. അതേസമയം, ഏത് പദ്ധതിയാണെങ്കിലും നിയമപരമായി നടത്തുന്നതിനോട് വിയോജിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

“ഒരു ഘട്ടത്തിലും ഈ കോടതി പദ്ധതിക്ക് എതിരല്ല. പക്ഷെ , ജനകീയ പ്രശ്‌നങ്ങളും ജനങ്ങളുടെ വേദനകളും കോടതിക്ക് കണ്ടില്ലെന്ന് നടിക്കാനുമാകില്ല. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവനുസരിച്ച് കെ റെയില്‍ അധികൃതര്‍ക്ക് സര്‍വേ നടപടികളുമായി മുന്നോട്ട് പോകാം. എന്നാല്‍ സര്‍വേയുടെ രീതി നിയമപരമാണോ എന്ന് ചിന്തിക്കേണ്ടതാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ പ്രവേശിച്ച് സര്‍വേ നടത്തുമ്പോള്‍ ഉടമയെ അറിയിക്കേണ്ട ബാധ്യത ഉത്തരവാദിത്തപ്പെട്ടവര്‍ക്കുണ്ട്. അല്ലാതെ കടന്നുകയറി കല്ലിട്ട് പോകുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.