തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കാനാകില്ല; സാബു എം ജേക്കബിന്റെ ഹർജി സുപ്രീംകോടതി തള്ളി

single-img
25 March 2022

കിറ്റെക്സിന്റെ ഫാക്ടറി തൊഴിലാളി ജോലിക്കിടെ അപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രധാന പ്രതിയും കിറ്റക്സ് ഗാർമെന്റ്സ് എംഡിയുമായ സാബു എം ജേക്കബ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.

കേസ് റദ്ദാക്കാൻ സാധിക്കില്ലെന്ന കേരളാ ഹൈക്കോടതിയുടെ വിധിയിൽ ഇടപെടാൻ സാധിക്കില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. 2014 മെയ് 24നാണ് അപകടത്തിൽ തൊഴിലാളി മരിച്ചത് . ഈ മരണത്തിൽ സാബുവിനെ പ്രതി ചേർത്ത് കേസെടുത്തിരുന്നു.

കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഇപ്പോൾ നിലവിലുള്ളത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാബു നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽപക്ഷെ ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ ഹർജി തള്ളി. ഈ വിധി ചോദ്യം ചെയ്താണ് സാബു ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചത്.

ഫാക്ടറിയിൽ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിൽ ഫാക്ടറി ഉടമ വീഴ്ചവരുത്തിയെന്നു ചൂണ്ടിക്കാട്ടി പെരുമ്പാവൂർ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഇൻസ്പെക്ടർ നൽകിയ പരാതിയിലാണ് സാബു എം ജേക്കബിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, കമ്പനിയുടെ മാനേജിങ് ഡയറക്ടറായ തന്റെ നിയന്ത്രണത്തിലല്ല ഫാക്ടറിയെന്നും അതിനാൽ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു സാബുവിന്റെ വാദം.