കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് കേന്ദ്രസർക്കാർ

single-img
23 March 2022

രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി കേന്ദ്രസർക്കാർ. പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഇതോടൊപ്പം തന്നെ ആൾക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് എടുക്കേണ്ടെന്നും നിർദ്ദേശത്തിലുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്ഭല്ല ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി

മാത്രമല്ല, ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇന്ത്യയിൽ ഇപ്പോൾ കൊവിഡ് 19 രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര നിര്‍ദേശം. കോവിഡ് വ്യാപനം തടയാന്‍ 2020 ലാണ് മാസ്‌കും കൂടിച്ചേരലുകള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിരിന്നത്. ആ ഉത്തരവിന്റെ കാലാവധി മാര്‍ച്ച് 25 ന് അവസാനിക്കുകയാണ്. ഇതിന് ശേഷം ഈ നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ല എന്നാണ് നിര്‍ദേശം.

അതേസമയം, സംസ്ഥാന സർക്കാർ ഉത്തരവിറക്കിയാൽ മാത്രമേ ഇളവ് നിലവിൽ വരൂ. ആൾക്കൂട്ടങ്ങൾ മറ്റ് കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസെടുക്കരുതെന്ന് കേന്ദ്ര നിർദേശങ്ങളിൽ വ്യക്തമാക്കുന്നു