പൊലീസ് വേഷത്തിൽ സിപിഎം ഗുണ്ടകളും ജനങ്ങളെ ആക്രമിക്കുന്ന സ്ഥിതി; കെ റെയിൽ ലോക്സഭയിൽ ഉന്നയിച്ച് കെ മുരളീധരൻ

single-img
21 March 2022

കേരളത്തിൽ ജനങ്ങളിൽ നിന്നും വ്യാപകമായി പ്രതിഷേധം ശക്തമാകവേ കെ റെയിൽ വിഷയം ലോക്സഭയിൽ ഉന്നയിച്ച് കോൺ​ഗ്രസ് ഏതാവായ എം പി കെ മുരളീധരൻ. സർവേ എന്ന പേരിൽ കേരളാ സർക്കാർ വീടുകളിൽ കയറി കല്ലിടുകയാണെന്നും സ്ത്രീകളെയും കുട്ടികളെയും പോലീസ് അതിക്രൂരമായി മർദ്ദിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.

കേരളത്തിൽ പുരുഷ പോലീസുകാർ സ്ത്രീകളെ കൈയേറ്റം ചെയ്യുകയാണ്. പൊലീസ് വേഷത്തിൽ സിപിഎം ഗുണ്ടകളും ജനങ്ങളെ ആക്രമിക്കുന്ന സ്ഥിതിയാണുള്ളതെന്നും വിഷയത്തിൽ ഉടൻതന്നെ കേന്ദ്രസ‍ർക്കാർ ഇടപെടണമെന്നും അല്ലങ്കിൽ പദ്ധതിയിൽ നിന്നും പിന്മാറണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

അതേസമയം കെ റെയിൽ വിരുദ്ധ സമ‍രത്തിൽ പൊലീസിനെ തടഞ്ഞ സംഭവത്തിൽ 25 പേ‍ർക്കെതിരെ കേസെടുത്തു. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര പൊലീസാണ് സമരക്കാ‍ർക്കെതിരെ കേസെടുത്തത്. പിറവം എംഎൽഎ അനൂപ് ജേക്കബ്, എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് തുടങ്ങി 25 പേർക്ക് എതിരെയാണ് പൊതുമുതൽ നശിപ്പിച്ചതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനും കേസ് എടുത്തത്.