എല്‍ഐസിയുടെ ഓഹരി വില്‍പ്പനയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറുക: സിപിഎം

single-img
4 March 2022

എല്‍ഐസിയുടെ ഓഹരികള്‍ കമ്പോളത്തില്‍ വില്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും, എല്‍ഐസിയെ പൊതുമേഖലയില്‍ സംരക്ഷിക്കണമെന്നും എറണാകുളത്ത് ചേര്‍ന്ന സിപിഐ എം സംസ്ഥാന സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

എല്‍ഐസിയുടെ സ്വകാര്യവല്‍ക്കരണ നടപടികളില്‍ നിന്നും കേന്ദ്രസര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ ആവശ്യമായ വിപുലമായ പ്രചാരണ പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരാകാന്‍ പോളിസി ഉടമകളോടും ബഹുജനങ്ങളോടും സമ്മേളനം ആഹ്വാനം ചെയ്തു.

സ്വകാര്യലൈഫ് ഇൻഷുറൻസ് കമ്പനികളുടെ ചൂഷണത്തില്‍ നിന്നും പോളിസി ഉടമകളെ സംരക്ഷിച്ച് അവരുടെ നിക്ഷേപത്തിന് സുരക്ഷിതത്വവും മാന്യമായ പ്രതിഫലവും ഉറപ്പാക്കുക, പിന്നോക്ക പ്രദേശങ്ങളിലേക്കും ദുര്‍ബല ജനവിഭാഗങ്ങളിലേക്കും ഇന്‍ഷുറന്‍സ് പരിരക്ഷ എത്തിക്കുക, ജനങ്ങളുടെ സമ്പാദ്യത്തെ നാടിന്‍റെവികസനത്തിനുള്ള ദീര്‍ഘകാല നിക്ഷേപമാക്കിമാറ്റുക എന്നീ ലക്ഷ്യങ്ങളോടെയാണ് 1956 – ല്‍ ലൈഫ് ഇന്‍ഷുറന്‍സ് വ്യവസായം ദേശാസാത്കരിച്ചു ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്ന പൊതുമേഖലാസ്ഥാപനം രൂപീകരിച്ചത്. ഈ ലക്ഷ്യങ്ങള്‍ പൂര്‍ണമായി നിറവേറ്റിയ ചരിതാര്‍ഥ്യത്തിന്‍റെതാണ് 65 വര്‍ഷത്തെ എല്‍ഐസിയുടെ പ്രവര്‍ത്തനം.

അഞ്ചുകോടി രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച എല്‍ഐസിയുടെ ആസ്തി (38 ലക്ഷം കോടിയിലേറെ രൂപ) കേന്ദ്ര സര്‍ക്കാരിന്‍റെ ഒരുവര്‍ഷത്തെ ആകെ ബജറ്റ് എസ്റ്റിമേറ്റിന് ഏകദേശം തുല്യമാണ് എന്നത് സ്ഥാപനത്തിന്‍റെ കരുത്തും വലിപ്പവും വ്യക്തമാക്കുന്നു. ആകെ വരുമാനത്തില്‍ നിന്നും എല്ലാ ചെലവുകളും നിറവേറ്റി കഴിഞ്ഞാല്‍ നാലുലക്ഷം കോടിരൂപയോളം ഓരോ വര്‍ഷവും എല്‍ഐസി മിച്ചമുണ്ടാക്കുന്നു. ഈ പണമത്രയും നാടിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്. പഞ്ചവത്സര പദ്ധതികളിലും മറ്റു സാമൂഹ്യക്ഷേമ മേഖലകളിലും എല്‍.ഐ.സിയുടെ പിന്തുണ അതുല്യമാണ്. സര്‍ക്കാരിന്‍റെ ആകെ മുതല്‍മുടക്കിന്‍റെ നാലിലൊന്നും എല്‍.ഐ.സിയുടെ സംഭാവനയാണ്.

നാടിന്‍റെ വികസനത്തിനുള്ള ബ്രഹത്തായ ഈ വിഭവസ്രോതസ്സാണ് എല്‍.ഐ.സിയുടെ സ്വകാര്യവല്‍ക്കരണത്തോടെ ഇല്ലാതാകുക.ڇപോളിസികളുടെ എണ്ണത്തിലും ക്ലെയിം തീര്‍പ്പാക്കുന്നതിലെ മികവിലും ലോകത്തിലെ തന്നെ മുന്‍നിരസ്ഥാപനമാണ് എല്‍ഐസി. പൊതുമേഖലാസ്ഥാപനം എന്ന നിലയില്‍ എല്‍ഐസിയുടെ ഊന്നല്‍ പോളിസി ഉടമകളുടെ താല്‍പര്യം സംരക്ഷിക്കുന്നതിലാണ്. എന്നാല്‍ ഓഹരിവില്‍പ്പന നടപ്പായാല്‍ പരമാവധി ലാഭമുണ്ടാക്കലാവും സ്ഥാപനത്തിന്‍റെ ലക്ഷ്യം. എങ്കില്‍ മാത്രമേ ഓഹരി ഉടമകള്‍ക്ക് വര്‍ധിച്ച ഡിവിഡന്‍ഡ് നല്‍കാനാവൂ. സ്വാഭാവികമായും ബിസിനസിന്‍റെ ഘടന, നിക്ഷേപ രീതി, ബോണസ് വിതരണം തുടങ്ങിയ എല്‍ഐസിയുടെ പ്രവര്‍ത്തന രീതികളെല്ലാം ലാഭം മാത്രം ലക്ഷ്യമിട്ട് പുനക്രമീകരിക്കപ്പെടും.

ഗ്രാമീണമേഖലയില്‍ നിന്നും കുറഞ്ഞ വരുമാനക്കാരില്‍ നിന്നുമുള്ള ബിസിനസ്സില്‍ വരുമാനം കുറവും ചെലവ് കൂടുതലുമാണെന്നതിനാല്‍ അത്തരം മേഖലകളെ അവഗണിക്കാന്‍ എല്‍ഐസി നിര്‍ബന്ധിതമാകും. ഇവിടെ ഹനിക്കപ്പെടുന്നത് പോളിസി ഉടമകളുടെയും സമൂഹത്തിന്‍റെ ആകെയും താല്‍പര്യമാണ്. അതിനാല്‍ ഈ നീക്കത്തില്‍ നിന്ന്സര്‍ക്കാര്‍ പിന്തിരിയണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ഐപിഒ വഴി 5 ശതമാനം ഓഹരികള്‍ മാത്രമാണ് ഇപ്പോള്‍ വില്‍ക്കുന്നതെന്നും അത് സ്വകാര്യവല്‍ക്കരണം അല്ല എന്നും പ്രചരിപ്പിച്ച് ഓഹരി വില്‍പനയെ ന്യായീകരിക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ ഓഹരി വില്‍പ്പന സ്വകാര്യവല്‍ക്കരണത്തിന്‍റെ ആദ്യചുവടാണെന്നും സര്‍ക്കാരിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം സ്വകാര്യവല്‍ക്കരണം ആണെന്നും വ്യക്തമാക്കുന്നതാണ് ബാങ്കിംഗ് മേഖലയിലും പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്തും മറ്റു പൊതുമേഖലാസ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍. അതുകൊണ്ടു തന്നെ ഓഹരി വില്‍പ്പനെക്കെതിരായ ചെറുത്തുനില്‍പ്പ് ശക്തിപ്പെടുത്തിക്കൊണ്ടല്ലാതെ എല്‍.ഐ.സിയെ പൊതുമേഖലയില്‍ സംരക്ഷിക്കാന്‍ ആവില്ല.

എല്‍ഐസിയുടെ കരുത്തും അതിന്‍റെ യഥാര്‍ത്ഥ ഉടമകളും 40 കോടിയിലേറെ വരുന്ന അതിലെ പോളിസി ഉടമകള്‍ ആണ്. അവരുടെ അറിവോ അനുവാദമോ ഇല്ലാതെയാണ് എല്‍ഐസിയുടെ ഘടനയും പ്രവര്‍ത്തനരീതിയും സര്‍ക്കാര്‍ മാറ്റുന്നത്. പാര്‍ലമെന്‍റില്‍ പോലും വിശദമായ പരിശോധനയ്ക്കും ചര്‍ച്ചയ്ക്കും അവസരം നല്‍കാതെ ബജറ്റിനോടൊപ്പം ഫിനാന്‍സ് ബില്ലില്‍ ഉള്‍പ്പെടുത്തിയാണ് എല്‍ഐസി ആക്ട് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. ജനാധിപത്യത്തെ അപഹസിച്ചും ജനാഭിപ്രായം പരിഗണിക്കാതെയുമുള്ളസര്‍ക്കാര്‍ നടപടിക്കെതിരെ മുഴുവന്‍ പോളിസി ഉടമകളും ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്ന് ഈ സമ്മേളനം ആഹ്വാനം ചെയ്തു.

എല്‍ഐസിയുടെ ഓഹരി വില്‍പ്പനയെ ചെറുക്കാനും അതിനെ പൊതുമേഖലയില്‍ സംരക്ഷിക്കാനുമുള്ള പ്രചാരണ പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കണമെന്ന് എല്ലാ ദേശസ്നേഹികളോടും സമ്മേളനം ആഹ്വാനം ചെയ്തു.