അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കില്ല; റഷ്യയെന്ന പേരിൽ മത്സരിക്കാനാകില്ല; ഫുട്ബോളിലും റഷ്യ ഒറ്റപ്പെടുന്നു


ഉക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ഫുട്ബോളിലും റഷ്യ ഒറ്റപ്പെടുന്നു. റഷ്യക്കെതിരെ ഫിഫ ഉപരോധം ഏർപ്പെടുത്തി. റഷ്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കില്ലെന്നും റഷ്യയെന്ന പേരിലും മത്സരിക്കാനാകില്ലെന്നും ഫിഫ വ്യക്തമാക്കി.
അതേസമയം, റഷ്യക്കൊപ്പം കളിക്കാനില്ലെന്ന് ഇംഗ്ലണ്ട് നിലപാട് എടുത്തു. ലോകവ്യാപകമായി റഷ്യക്കെതിരെ കായിക മേഖലയുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്. അംഗരാജ്യങ്ങളുടെ രാജ്യങ്ങളുടെ സമ്മർദ്ദങ്ങൾക്കൊടുവിൽ ഫിഫയും കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു.
ഇതിന്റെ ഭാഗമായി റഷ്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അനുദിക്കില്ലെന്ന് ഫിഫ തീരുമാനിച്ചു. നിലവിലെ ഹോം മത്സരങ്ങൾ നിക്ഷ്‌പക്ഷ വേദിയിലേക്ക് മാറ്റണം. എന്നാൽ പോലും റഷ്യ എന്ന പേരിൽ കളിക്കാനാകില്ല. റഷ്യൻ പതാകയും ദേശീയ ഗാനവും അനുവദിക്കില്ല. പകരം റഷ്യൻ ഫുട്ബോൾ യൂണിയൻ എന്ന പേരിൽ വേണമെങ്കിൽ കളത്തിലിറങ്ങാം.
അതേസമയം, ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽനിന്ന് റഷ്യയെ മാറ്റിനിർത്തണമെന്ന പോളണ്ടിന്‍റെയും സ്വീഡന്‍റെയും ആവശ്യം ഫിഫ അംഗീകരിച്ചില്ല. ഫിഫ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മതിയാകില്ലെന്നാണ് ഇരു രാജ്യങ്ങളുടേയും പ്രതികരണം. ജൂണിൽ ഇംഗ്ലണ്ടിൽ നടക്കേണ്ട യൂറോപ്യൻ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് റഷ്യ യോഗ്യത നേടിയിരുന്നു. ഈ ടൂർണമെന്‍റിൽ ഉൾപ്പെടെ റഷ്യയ്ക്കൊപ്പം കളിക്കാനില്ലെന്ന് ഇംഗ്ലണ്ടും വ്യക്തമാക്കി.