സമാധാന മാര്‍ഗത്തിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണം; ഉക്രൈൻ വിഷയത്തിൽ താലിബാൻ

single-img
25 February 2022

റഷ്യയുടെ ഉക്രൈനിന് എതിരായ സൈനിക നടപടിക്ക് എതിരെ താലിബാന്‍ പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നു. അഫ്‌ഗാനുവേണ്ടി താലിബാന്‍ വിദേശകാര്യ വക്താവ് അബ്ദുല്‍ ഖഹാര്‍ ബാല്‍ഖിയാണ് ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന പ്രസ്താവന സോഷ്യൽ മീഡിയയായ ടിറ്ററില്‍ പോസ്റ്റ് ചെയ്തത്.

സാധാരണക്കാരും നിരപരാധികളുമായ സിവിലിയന്‍മാരെ കൊന്നൊടുക്കുന്നതില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ച താലിബാന്‍ ഉക്രൈനില്‍ കഴിയുന്ന അഫ്ഗാന്‍ പൗരന്‍മാരുടെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കാള്ളണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഇതോടൊപ്പം തന്നെ, രണ്ടുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് പ്രസ്താവനയില്‍ താലിബാന്‍ ആവശ്യപ്പെട്ടു.

ആക്രമണങ്ങൾ ഉണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍നിന്ന് ഇരു രാജ്യങ്ങളും വിട്ടുനില്‍ക്കണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ വിഷയത്തില്‍ പക്ഷപാതരഹിതമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയ താലിബാന്‍ സമാധാന മാര്‍ഗത്തിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് റഷ്യയോടും ഉക്രൈനിനോടും ആവശ്യപ്പെട്ടു.