തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ്; ഇതുവരെ സിപിഎം നേടിയത് 167 സീറ്റുകള്‍

single-img
22 February 2022

തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ സിപിഎം ഇതുവരെ 167 സീറ്റുകള്‍ സ്വന്തമാക്കി. ഇന്ന് വൈകുന്നേരം 6.30 വരെയുള്ള ഫലപ്രഖ്യാപനത്തിലാണ് സിപിഎം 167 സീറ്റുകള്‍ നേടിയതായി സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ 21 കോര്‍പ്പറേഷനിലെ 25 വാര്‍ഡും നഗരസഭകളില്‍ 41 വാര്‍ഡും നഗര റൂറല്‍ പഞ്ചായത്തുകളിലെ 101 വാര്‍ഡുകളുമാണ് സിപിഎമ്മിന് ലഭിച്ചത്. ഇതിൽ കോവില്‍പട്ടി നഗരസഭയില്‍ സിപിഎമ്മാണ് ഏറ്റവും കൂടുതല്‍ സീറ്റുള്ള പാര്‍ട്ടിയും. അതേസമയം, ഇനി തിരുപ്പൂര്‍, മധുര കോര്‍പ്പറേഷനുകളില്‍ ചില സീറ്റുകളുടെ ഫലങ്ങള്‍ പുറത്തുവരാനുണ്ട്.

നിലവിൽ ചെന്നൈ, മധുര, കോയമ്പത്തൂര്‍ കോര്‍പ്പറേഷനുകളിലായി നാലു വീതം സീറ്റ് സിപിഐഎമ്മിന് ലഭിച്ചു. ദിണ്ഡിക്കലില്‍ മൂന്നു സീറ്റും സേലം, കുംഭകോണം, ഈറോഡ്, തിരുപ്പൂര്‍, കരൂര്‍, തഞ്ചാവൂര്‍, തിരുച്ചിറപള്ളി കോര്‍പ്പറേഷനുകളില്‍ ഓരോ സീറ്റുകള്‍ വീതവും ലഭിച്ചു.

കന്യാകുമാരി ജില്ലയിലെ നഗരസഭകളില്‍ 15 വാര്‍ഡും റൂറല്‍ പഞ്ചായത്തുകളില്‍ 51 വാര്‍ഡും സിപിഎം നേടി. ഇവിടെ മുന്നണിയില്ലാതെയാണ് സിപിഎം മത്സരിച്ചത്. കൊല്ലങ്കോട് നഗരസഭയിലെ ഒമ്പതു വാര്‍ഡുകളും കുഴിത്തുറൈ നഗരസഭയില്‍ അഞ്ചു സീറ്റുകളും സിപിഐഎമ്മിന് ലഭിച്ചു.