ശമ്പളം നൽകിയാൽ തിരിച്ചുപിടിക്കും; സ്വപ്ന സുരേഷ് പുതിയ ജോലിയിൽ പ്രവേശിച്ചയുടൻ നിയമനം റദ്ദാക്കാൻ തീരുമാനം

single-img
19 February 2022

സംസ്ഥാനത്തെ രാഷ്ട്രീയ വിവാദമായി മാറിയ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് പുതിയ ജോലിയിൽ പ്രവേശിച്ചയുടൻ നിയമനം റദ്ദാക്കാൻ തീരുമാനം. സ്വപ്നയ്ക്ക് ജോലി നൽകിയത് നിയമവിരുദ്ധമായാണെന്നും തനിക്കോ ബോർഡിനോ ഇതിൽ പങ്കില്ലെന്നും ഡൽഹി ആസ്ഥാനമായ എൻജിഓ സംഘടനയായ ഹൈറേഞ്ച് റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റി ഇന്ത്യയുടെ (എച്ച്ആർഡിഎസ്) കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ചെയർമാനും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാർ പറഞ്ഞു.

സ്വപ്നയുടെ നിയമനം ബോർഡ് റദ്ദാക്കുകയാണെന്നും അവർക്ക് ശമ്പളം നൽകിയാൽ അതു തിരിച്ചുപിടിക്കുമെന്നും നിയമവിരുദ്ധമായി ജോലി നൽകിയത് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണെന്നും നിയമനത്തിന് ബോർഡിന്റെയോ ചെയർമാന്റെയോ അംഗീകാരം നേടിയിട്ടില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസം തൊടുപുഴയിലെ ഓഫിസിൽ എത്തിയാണ് എച്ച്ആർഡിഎസ് ഡയറക്ടറായി സ്വപ്ന ചുമതലയേറ്റത്. മലയാളികൾ ഉൾപ്പെടെയുള്ള ആർഎസ്എസ്, ബിജെപി നേതാക്കളാണ് സംഘടനയുടെ പല പ്രധാന പദവികളും വഹിക്കുന്നത്. നിലവിലെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ മാറ്റി ‘ഡമ്മി’ ബോർഡിന്റെ വിവരങ്ങൾ അജി കൃഷ്ണൻ എച്ച്ആർഡിഎസ് വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.

ഇതുമായി ബന്ധപ്പെട്ട അജി കൃഷ്ണന്റെ അനധികൃതമായ പ്രവർത്തനങ്ങൾക്കെതിരെ കേരള റജിസ്ട്രാർ ഓഫ് സൊസൈറ്റീസിനു പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയുടെ പകർപ്പ് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, പാലക്കാട് കലക്ടർ എന്നിവർക്കും അയച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

പുതുതായി ലഭിച്ച ജോലി തന്റെ ജീവിതത്തിലെ രണ്ടാം ഭാഗത്തിന്റെ തുടക്കമാണെന്നും ആത്മഹത്യയുടെ വക്കിൽനിന്നു പുതിയ ജോലി ലഭിച്ചതു വലിയ കാര്യമാണെന്നും സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയാകും തുടർന്നുള്ള പ്രവർത്തനമെന്നും സ്വപ്ന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.