കെ റെയിൽ പദ്ധതി അബദ്ധ പഞ്ചാംഗമെന്ന് വിഡി സതീശൻ; കേന്ദ്രതീരുമാനം ജനങ്ങൾക്ക് ആശ്വാസമുണ്ടാക്കുന്നതാണെന്ന് കെ സുരേന്ദ്രൻ

single-img
2 February 2022

കെ റെയിൽ പദ്ധതിയുടെ കാര്യത്തിൽ ശശി തരൂർ ഇപ്പോഴും പാർട്ടി ലൈനിൽ തന്നെയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശശി തരൂരിനെ കാര്യങ്ങൾ ബോധിപ്പിച്ചു എന്നും വി ഡി സതീശൻ പറഞ്ഞു.നിലവിൽ കേന്ദ്ര സർക്കാർ അംഗീകാരം ഇല്ലെന്ന പശ്ചാത്തലത്തിൽ സർക്കാർ കെ റെയിൽ പദ്ധതി ഉപേക്ഷിക്കുമെന്നാണ് പ്രതീക്ഷയെന്നും ഒരു വിവരവും ഇല്ലാത്ത പദ്ധതി രേഖയാണ് കെ റെയിലിന് വേണ്ടി സമർപ്പിച്ചതെന്നും അബദ്ധ പഞ്ചാംഗം ആണ് പദ്ധതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പദ്ധതിക്ക് തത്വത്തിൽ അംഗീകാരം കിട്ടിയെന്ന വാദം തെറ്റാണ്. ഭാവിയിലും അനുമതി കിട്ടുമെന്ന ഒരു ഉറപ്പും ഇല്ല. എത്രത്തോളം വിഭവങ്ങൾ വേണ്ടി വരുമെന്ന വിവരം പോലും ഇല്ല.ഡിപിആറിൽ കൊടുത്തിട്ടുള്ള വിവരങ്ങൾ എല്ലാം തെറ്റാണ് എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം, കെ റെയിലിന് അനുമതി നൽകേണ്ട എന്ന കേന്ദ്രതീരുമാനം ജനങ്ങൾക്ക് ആശ്വാസമുണ്ടാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. പദ്ധതിയുടെ ഡിപിആറിൽ പലതും മറച്ചുവെച്ചു. ഒരു കാരണവശാലും കെ റെയിൽ യാഥാർത്ഥ്യമാകില്ല. കേന്ദ്രം വന്ദേ ഭാരത് മിഷൻ പ്രഖ്യാപിച്ചതോടെ സിൽവർ ലൈൻ പദ്ധതിക്ക് പ്രസക്തിയില്ലാതായി എന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.