കോണ്‍ഗ്രസില്‍ നിന്ന് എത്തിയവർക്ക് സീറ്റ് നൽകി; മണിപ്പൂരിൽ മോദിയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിച്ച് ബിജെപി പ്രവർത്തകർ

single-img
31 January 2022

നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മണിപ്പൂര്‍ ബിജെപിയില്‍ കലഹം രൂക്ഷം. മത്സരിയ്ക്കാൻ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് ബിജെപി അണികള്‍ വ്യാപക അക്രമം നടത്തി. ഇവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേണ്‍ സിങിന്റെയും കോലം കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസില്‍ നിന്നെത്തിയവര്‍ക്ക് സീറ്റ് നല്‍കിയതാണ് ഇത്തരത്തിൽ രൂക്ഷമായ പ്രകോപനങ്ങള്‍ക്ക് കാരണം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടി ഓഫീസുകള്‍ അടിച്ചു തകര്‍ക്കുകയും പലയിടത്തും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധക്കാര്‍ തടിച്ചു കൂടുകയും ചെയ്തു.

സംസ്ഥാന തലസ്ഥാനമായ ഇംഫാലിലെ ബിജെപി ആസ്ഥാനത്തിന് ചുറ്റും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഏതാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ രാജി വച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നീണ്ടുനിന്അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബിജെപി ഇന്നലെയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഈ പട്ടികയില്‍ ഇടം നേടിയ പത്ത് പേര്‍ ഈയിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയവരാണ്. ഇതിന് പിന്നാലെ പ്രതിഷേധം കനക്കുകയായിരുന്നു.