എഐഎഡിഎംകെയുമായി സഖ്യം ചേരില്ല; തമിഴ്നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ബിജെപി

single-img
31 January 2022

അടുത്തുതന്നെ നടക്കുന്ന തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന ബിജെപി നേതൃത്വം അറിയിച്ചു. സംസ്ഥാനത്തെ നിയമസഭാ സഖ്യപ്രകാരം തദ്ദേശ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുമായി സീറ്റ് പങ്കുവയ്ക്കുന്നതിൽ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ തദ്ദേശ തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയത്.

ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കുമ്പോൾ പ്രാദേശിക തലത്തിൽ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. ഇത് കണക്കിലെടുത്താണ് തീരുമാനമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട് ചെയ്തത്.

ബിജെപിയുടെ പ്രവർത്തകർക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള അവസരമാണ് തദ്ദേശ തെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ കൂടുതൽ പാർട്ടി പ്രവർത്തർക്ക് സീറ്റുകൾ നൽകി അവരുടെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് പാർട്ടി ശ്രമിക്കുന്നത്. ജനങ്ങൾക്കിടയിൽ താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഈ നീക്കമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.