പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സാനിയാ മിര്‍സ

single-img
19 January 2022

അന്താരാഷ്‌ട്ര പ്രഫഷണല്‍ ടെന്നീസില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സ . ഈ സീസൺ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് സീസണൊടുവില്‍ പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് സാനിയ പ്രഖ്യാപനം നടത്തിയത്.

മൂന്ന് വയസുള്ള മകനെയും കൂട്ടിടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനായി നിരന്തരം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും കാല്‍മുട്ടിലുണ്ടായ പരിക്ക് നിരന്തരം അലട്ടുന്നതുമാണ് വിരമിക്കാനുള്ള തീരുമാനത്തിന് കാരണമെന്നും സാനിയ പറയുന്നു.

മാത്രമല്ല, പ്രായവും കൂടി വരികയാണ്. ശരീരത്തിന് ഇപ്പോൾ തന്നെ അതിന്‍റേതായ ബുദ്ധിമുട്ടുകളുണ്ട്. മൂന്ന് വയസുള്ള മകനെയും കൊണ്ടുള്ള നിരന്ത്ര യാത്രകളും ബുദ്ധിമുട്ടായി വരുന്നു. ഇക്കാര്യങ്ങൾ എല്ലാം കണക്കിലെടുത്ത് സീസണൊടുവില്‍ വിരമിക്കുകയാണ്. പുറമെ ഓരോ ദിവസവും പഴയ ഊര്‍ജ്ജത്തോടെ കോര്‍ട്ടിലിറങ്ങാനുള്ള പ്രചോദനവും കുറഞ്ഞുവരുന്നു.

ടെന്നീസ് കളിയെ ആസ്വദിക്കുന്നിടത്തോളം തുടരുമെന്നാണ് ഞാന്‍ മുമ്പും പറഞ്ഞിട്ടുള്ളത്. ഇപ്പോൾ ഈ സീസണ്‍ കൂടി എനിക്ക് ആസ്വദിച്ച് കളിക്കാനാകുമെന്നാണ് കരുതുന്നത്. കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവിനായി ഞാന്‍ കഠിന പരിശ്രമം നടത്തിയിരുന്നു. ശരീരഭാരം കുറച്ചു, ശാരീരികക്ഷമത വീണ്ടെടുത്തു, സ്വപ്നങ്ങള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്ന മറ്റ് അമ്മമാര്‍ക്ക് മാതൃകയായി. എന്നാല്‍ ഈ സീസണുശേഷം കോര്‍ട്ടില്‍ തുടരാന്‍ ശരീരം അനുവദിക്കുമെന്ന് കരുതുന്നില്ല-സാനിയ പറഞ്ഞു.