പൊളിക്കേണ്ട ആരാധനാലയങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെ സിൽവർ ലൈൻ ഡിപിആറിന്റെ പൂർണരൂപം പുറത്ത്

single-img
15 January 2022

സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കെ റെയിൽ ഡിപിആർ പൂർണരൂപം പുറത്ത്. ഇന്ന് ഡിപിആറും റാപ്പിഡ് എൻവയോൺമെന്റ് സ്റ്റഡി റിപ്പോർട്ടുമാണ് പുറത്തായത്. ആകെ ആറ് ഭാഗങ്ങൾ അടങ്ങുന്നതാണ് ഡിപിആറിന്റെ പൂർണരൂപം.

3776 പേജുള്ള ഡിപിആറിൽ പദ്ധതിക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണവും നഷ്ടമാകുന്ന സസ്യജാലങ്ങളെ കുറിച്ചും വിശദമായ വിവരങ്ങളുമുണ്ട്. ഇതോടൊപ്പം ട്രാഫിക് സ്റ്റഡി റിപ്പോർട്ടും ഡിപിആറിന്റെ പ്രധാന ഭാഗമാണ്. പദ്ധതിയുടെ ഭാഗമായി പൊളിക്കേണ്ട ആരാധനാലയങ്ങളുടെ ചിത്രമടക്കം ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുൻപ് പദ്ധതിയുടെ എക്‌സിക്യൂട്ടീവ് സമ്മറി മാത്രമാണ് പുറത്തു വന്നിരുന്നത്. പിന്നാലെ ഡിപിആറിന്റെ പൂർണരൂപം പുറത്ത് വിടുന്നതിൽ ഒട്ടേറെ സാങ്കേതിക തടസങ്ങളാണ് സർക്കാർ പറഞ്ഞിരുന്നത് . പദ്ധതി നടപ്പാക്കുക വഴി പ്രദേശത്തെ പരിസ്ഥിതിയെ കെ റെയിൽ-എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ ഡിപിആറിൽ കൃത്യമായി വ്യക്തമാകുന്നുണ്ട്.

അതേസമയം, പദ്ധതിക്കായി ഏതൊക്കെ കെട്ടിടങ്ങൾ പൊളിക്കണമെന്ന് സർവേ പൂർത്തിയായി കഴിഞ്ഞാൽ മാത്രമേ പറയാനാകൂ എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. പക്ഷെ ഇപ്പോൾ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും വാദങ്ങളെ തള്ളുന്നതാണ് ഡിപിആറിലെ വിവരങ്ങൾ. പദ്ധതിയിലൂടെ സർക്കാരിന് എത്രത്തോളം വരുമാനമുണ്ടാക്കാനാകുമെന്ന വിവരവും ഡിപിആറിൽ വിശദീകരിക്കുന്നുണ്ട്.