സിൽവർ ലൈൻ പദ്ധതി; കല്ലും മണ്ണും എത്ര വേണമെന്നത് രഹസ്യ രേഖയുടെ ഭാഗം; വെളിപ്പെടുത്താനാകില്ലെന്ന് കെ റെയിൽ

single-img
13 January 2022

സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സിൽവർ ലൈൻ പദ്ധതിക്കായി കല്ലും മണ്ണും മണലുമുൾപ്പെടെ പ്രകൃതിദത്ത നിർമാണ വസ്തുക്കൾ എത്ര വേണമെന്നു വെളിപ്പെടുത്താനാകില്ലെന്നു കെ റെയിൽ. പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ നിർമാണവസ്തുക്കൾ സംഭരിക്കുന്നതു പരിസ്ഥിതിചൂഷണത്തിന് ഇടയാക്കുമെന്ന് ആശങ്ക ഉയർന്നിരിക്കെയാണ് ഇതിന്റെ കണക്കു പുറത്തുവിടാനാകില്ലെന്നു കെ റെയിൽ നിലപാടെടുത്തത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ രഹസ്യരേഖയായ ഡിപിആറിന്റെ ഭാഗമാണ് ഈ കണക്കെന്നാണു വിശദീകരണം.എന്നാൽ , പ്രകൃതിദത്ത നിർമാണ സാമഗ്രികളുടെ അളവ് കുറയ്ക്കാൻ പുതിയ പഠനം നടത്തുമെന്നും കൺസൽറ്റിങ് ഏജൻസിയായ സിസ്ട്രയെ ഇതിനു ചുമതലപ്പെടുത്തിയെന്നും കെ റെയിൽ വ്യക്തമാക്കി.

സംസ്ഥാനത്തെ ക്വാറികൾക്കു പരിമിതിയുള്ളതിനാൽ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുമെന്നും ആവശ്യമെങ്കിൽ നിർമാണ സാമഗ്രികൾ ഇറക്കുമതി ചെയ്യാനുമാകുമെന്നും കെ റെയിൽ എംഡി വി.അജിത്കുമാർ പറയുന്നു. ഇവ റെയിൽ മാർഗം കൊണ്ടുവരാൻ നിരക്കിൽ ഇളവ് നൽകണമെന്നു റെയിൽവേയോട് അഭ്യർഥിച്ചിട്ടുണ്ട്.