കൊവിഡ് വ്യാപനത്തിലും കര്‍ശന നിബന്ധനകളോടെ ജെല്ലിക്കെട്ടിന് അനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍

single-img
10 January 2022

കൊവിഡ് വൈറസ് വ്യാപനത്താൽ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലും കര്‍ശന നിബന്ധനകളോടെ തമിഴ്‌നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കി. ഈ മാസം പൊങ്കല്‍ ഉത്സവത്തിന്റെ ഭാഗമായാണ് പരമ്പരാഗതമായി ജെല്ലിക്കെട്ട് നടക്കുന്നത്.

പുതിയ നിബന്ധനകൾ പ്രകാരം കാളയുടെ ഉടമക്കും ഒരു സഹായിക്കും മാത്രമാകും റിംഗില്‍ ഇറങ്ങാന്‍ അനുമതി ഉണ്ടാവുക. ഇത്തരത്തിൽ ഇറങ്ങുന്നവർ രണ്ട് ഡോസ് പ്രതിരോധ കുത്തിവെപ്പ് എടുത്തതിന്റെ രേഖയും 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

മാത്രമല്ല, ജെല്ലിക്കെട്ടിൽ പങ്കെടുക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടംപ്രത്യേക ഐഡി കാര്‍ഡും നല്‍കും. ഒരേസമയം പരമാവധി 300 പേർക്ക് മാത്രം പങ്കെടുക്കാൻ മാത്രമാണ് അനുമതി. തിരിച്ചറിയൽ കാര്‍ഡില്ലാത്തവരെ റിംഗില്‍ പ്രവേശിപ്പിക്കില്ല.

മധുരയ്ക്കു സമീപമുള്ള അലങ്കാനല്ലൂരാണ് തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിന് ഏറ്റവും പ്രശസ്തിയാര്‍ജിച്ച സ്ഥലം. ഇതിനായി മാത്രം പ്രത്യേക പരിശീലനം ലഭിച്ച കാളകളെയാണ് ജെല്ലിക്കെട്ടിനുപയോഗിക്കുന്നത്.