ടൂറിസ്റ്റുകളോടുള്ള പൊലീസ് സമീപനത്തില്‍ മാറ്റം വരണം; സർക്കാരിന് അള്ളു വെയ്ക്കുന്ന പ്രവണത അനുവദിക്കില്ല: മന്ത്രി മുഹമ്മദ് റിയാസ്

single-img
1 January 2022

തിരുവനന്തപുരം ജില്ലയിലെ കോവളത്ത് വിദേശിയെ പൊലീസ് കഴിഞ്ഞ ദിവസം അധിക്ഷേപിച്ച സംഭവം ദൗർഭാഗ്യകരമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. സംഭവിച്ചത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണ്. പ്രസ്തുത വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ച് നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ടൂറിസ്റ്റുകളോടുള്ള പൊലീസ് സമീപനത്തില്‍ മാറ്റം വരണം. സർക്കാരിന് അള്ളു വെയ്ക്കുന്ന പ്രവണത അനുവദിക്കില്ലെന്നും ഇതുപോലുള്ള കാര്യങ്ങൾ ടൂറിസത്തിന് തിരിച്ചടിയാക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ഇന്നലെ കോവളത്ത് മദ്യവുമായി പോകുമ്പോള്‍ സ്വീഡിഷ് പൗരനെ പൊലീസ് തടഞ്ഞ സംഭവം വിവാദമായതോടെ തിരുവനന്തപുരം ഡിസിപി റിപ്പോർട്ട് തേടിയിരുന്നു. സംഭവം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി സംഭവം അന്വേഷിക്കും. ന്യൂയര്‍ ആഘോഷത്തിനായി വാങ്ങിയ മദ്യവുമായി പോയ സ്റ്റീവ് ആസ് ബര്‍ഗിനെ കേരള പൊലീസ് തടയുകയായിരുന്നു.

പരിശോധനയിൽ സ്റ്റീവിന്‍റെ സ്‌കൂട്ടറില്‍ നിന്ന് മൂന്ന് ഫുള്‍ ബോട്ടില്‍ മദ്യം കണ്ടെടുത്ത പൊലീസ് മദ്യം വാങ്ങിയ ബില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ താൻ ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്ന് സ്റ്റീവ് പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. തുടർന്ന് കുപ്പി ഉൾപ്പെടെ വലിച്ചെറിയാന്‍ പൊലീസ് സ്റ്റീവിനോട് ആവശ്യപ്പെടുകയായിരുന്നു.

ഇതോടുകൂടി സഹികെട്ട് സ്റ്റീവ് തന്റെ കൈയിലുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് മദ്യം പുറത്ത് കളഞ്ഞു. ഈ സഭാവങ്ങൾ ആരോ അപ്പോൾ മൊബൈലില്‍ പകര്‍ത്തുന്നെന്ന് കണ്ടപ്പോള്‍ മദ്യം കളയണ്ട ബില്‍ വാങ്ങിവന്നാല്‍ മതിയെന്നായി പൊലീസ്. ഇതിനെ തുടർന്ന് നിരപരാധിയാണെന്ന് പൊലീസിന് വ്യക്തമാക്കാന്‍ ബിവറേജില്‍ പോയി സ്റ്റീവ് ബില്ലും വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കിയിരുന്നു.