ചാൻസലറായി മുഖ്യമന്ത്രി മതി; സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാൻ പശ്ചിമ ബംഗാൾ

single-img
24 December 2021

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് കേന്ദ്ര പ്രതിനിധിയായ ഗവര്‍ണറെ മാറ്റി മുഖ്യമന്ത്രിയെ നിയമിക്കുന്നതിനുളള നീക്കവുമായി മമത ബാനർജിയുടെ പശ്ചിമബംഗാള്‍ സർക്കാർ. സർവകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്തേക്ക് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ നാമനിര്‍ദേശം ചെയ്യുന്നത് പരിഗണനയിലുണ്ടെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു അറിയിച്ചു.

ഇപ്പോഴുള്ള സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായുളള അഭിപ്രായ വ്യത്യാസമാണ് പുതിയ നീക്കത്തിന് കാരണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്വകാര്യ സര്‍വകലാശാലകളിലെ നിയമനങ്ങള്‍ യുജിസി പുനഃപരിശോധിക്കണമെന്നും അന്വേഷണം നടത്തണമെന്നും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുളള ശ്രമം ആരംഭിക്കുന്നത്.

മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സര്‍ക്കാരുമായി ഗവര്‍ണര്‍ക്ക് സഹകരണമില്ല. ഗവര്‍ണര്‍ക്ക് സംസ്ഥാനത്തെ സര്‍ക്കാരുമായി ശത്രുതയാണുളളതെന്നും മന്ത്രി വിമര്‍ശിച്ചു. ഇവിടെ ഗവര്‍ണറുടെ ഭാഗത്തു നിന്നും നിയമവിരുദ്ധ നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നു മാറ്റുന്നത് സംബന്ധിച്ച് ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതിനുളള നിയമവശങ്ങളെക്കുറിച്ച് പഠിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.