മണിപ്പൂരിൽ അധികാരത്തില്‍ എത്തിയാൽ അഫ്‌സ്പ പിന്‍വലിക്കാനുള്ള തീരുമാനമായിരിക്കും ആദ്യ ക്യാബിനറ്റ് കൈക്കൊള്ളുക; വാഗ്ദാനവുമായി കോൺഗ്രസ്

single-img
12 December 2021

അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നാല്‍ അഫ്‌സ്പ(ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവര്‍ ആക്ട്) പിന്‍വലിക്കുമെന്ന വാഗ്ദാനവുമായി മണിപ്പൂര്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പുവരെ ഇപ്പോൾ ഭരണത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരിനെയും മുഖ്യമന്ത്രി എന്‍. ബിരണ്‍ സിങ്ങിനെയും നിയമം പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

‘ഇപ്പോള്‍ സംസ്ഥാനത്തെ നടന്നുകൊണ്ടിരിക്കുന്ന ശീതകാലസമ്മേളനത്തില്‍ രാജ്യത്തിന്റെ പാര്‍ലമെന്റില്‍ വെച്ച് നിയമം പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിക്കണമെന്ന് ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്,’ കോണ്‍ഗ്രസ് പറഞ്ഞു.

അതേസമയം, നേരത്തെ അധികാരത്തിലിരുന്നപ്പോള്‍ തങ്ങള്‍ മണിപ്പൂരിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും അഫ്‌സ്പ പിന്‍വലിച്ചതും കോണ്‍ഗ്രസ് ബിജെപിയെ ഓർമ്മപ്പെടുത്തി.