പാര്‍ലമെന്റ് ക്യാന്റീനിൽ നൽകുന്ന ഭക്ഷണം ഇന്നും ഹലാല്‍ തന്നെയാണെന്ന് സംഘപരിവാറുകാര്‍ക്ക് അറിയില്ല: ജോണ്‍ ബ്രിട്ടാസ്

single-img
27 November 2021

രാജ്യത്തിന്റെ പാര്‍ലമെന്റ് ക്യാന്റീനിലെ ഭക്ഷണം ഇന്നും ഹലാല്‍ തന്നെയാണെന്ന് സംഘപരിവാറുകാര്‍ക്ക് അറിയില്ലെന്ന് സിപിഎമ്മിന്റെ രാജ്യസഭാ എംപിയും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ്. സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലായിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം.

സമൂഹത്തിൽ ഭിന്നിപ്പിന്റെയും ധ്രുവീകരണത്തിന്റെയും സുവര്‍ണാവസരങ്ങള്‍ തേടി എത്തുന്നവരോട് അത് കേരളത്തിന്റെ തീയില്‍ വേവില്ലെന്ന് ജനങ്ങള്‍ പറയുമെന്നും ‘ഹലാലില്‍ വറുത്തെടുക്കുന്ന വിദ്വേഷമസാല’ എന്ന തലക്കെട്ടിലെ ലേഖനത്തിൽ ബ്രിട്ടാസ് എഴുതി.

കേരളത്തിൽ സംഘപരിവാർ ഹലാല്‍ തുപ്പലാണെന്നു പ്രചരിപ്പിക്കുമ്പോഴാണ് അതിന്റെ പിന്നിലെ ഗൂഢതന്ത്രം വെളിവാകുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇതോടൊപ്പം തന്നെ ‘പാര്‍ലമെന്റ് ക്യാന്റീനില്‍ നല്‍കുന്ന ഭക്ഷണം, വിശേഷിച്ച് മാംസാഹാരം, ഹലാല്‍ ആണോ ജഡ്കയാണോ എന്നായിരുന്നു ചോദ്യം. ഹലാല്‍ എന്ന മറുപടിയാണ് സഭയില്‍ അന്നത്തെ മന്ത്രി നല്‍കിയത്,’ 30 വര്‍ഷം മുന്‍പുള്ള അനുഭവം ബ്രിട്ടാസ് പങ്കുവെച്ചു.

ജോണ്‍ ബ്രിട്ടാസിന്റെ ലേഖനത്തിന്റെ പൂര്‍ണരൂപം:

മൂന്നു പതിറ്റാണ്ടുമുമ്പ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായി എത്തിയപ്പോള്‍ പാര്‍ലമെന്റില്‍ വന്ന ഒരു ചോദ്യത്തിലൂടെയാണ് ഹലാല്‍ എന്ന പദപ്രയോഗം ഈ ലേഖകന്റെ ശ്രദ്ധയില്‍പ്പെട്ടത്. പാര്‍ലമെന്റ് ക്യാന്റീനില്‍ നല്‍കുന്ന ഭക്ഷണം, വിശേഷിച്ച് മാംസാഹാരം, ഹലാല്‍ ആണോ ജഡ്കയാണോ എന്നായിരുന്നു ചോദ്യം.

ഹലാല്‍ എന്ന മറുപടിയാണ് സഭയില്‍ അന്നത്തെ മന്ത്രി നല്‍കിയത്. കഴിയാവുന്ന തരത്തിലുള്ള ഭക്ഷണമൊക്കെ കഴിച്ചിരുന്നതുകൊണ്ടാകണം ഹലാല്‍/ജഡ്ക ചോദ്യം കൗതുകകരമായിത്തോന്നിയത്. വര്‍ഷങ്ങള്‍ക്കുശേഷം ഹലാല്‍ ചോദ്യം കേരളത്തില്‍ വിവാദമായി ഭവിക്കുമെന്ന് അന്നു നിനച്ചിരുന്നില്ല. കേരളത്തില്‍ ഹലാലിനുമേല്‍ വിവാദം സൃഷ്ടിക്കുമ്പോഴും പാര്‍ലമെന്റ് ക്യാന്റീനിലെ ഭക്ഷണം ഇന്നും ഹലാല്‍ തന്നെയാണെന്ന് സംഘപരിവാറുകാര്‍ അറിയുന്നുണ്ടാകില്ല.

ഹലാല്‍ എന്നാല്‍ അനുവദിക്കപ്പെട്ട ഭക്ഷണമെന്നാണ് അര്‍ഥം. മാംസാഹാരത്തിന്റെ കാര്യത്തിലാണ് ഇതിന്റെ പ്രസക്തി. അറുത്ത് ചോര വാര്‍ന്ന മാംസമാണ് ഹലാല്‍. ജഡ്ക എന്നാല്‍ തല്‍ക്ഷണം ഇടിച്ചുകൊല്ലുന്ന രീതിയാണ്. മാംസത്തില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നത് വിഷാംശമുണ്ടാകാന്‍ ഇടവരുത്തുമെന്ന് പറയുന്നവരുണ്ട്.

ജനാധിപത്യത്തിന്റെ മാറ്റു നിര്‍ണയിക്കുന്ന അളവുകോലുകളിലൊന്നാണ് ബഹുസ്വരത. ഇഷ്ടമുള്ള ഭക്ഷണവും വേഷവും ഭാഷയുമൊക്കെ സ്വതന്ത്രമായി തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുമ്പോഴാണ് സമൂഹം പക്വതയാര്‍ജിക്കുന്നത്. യഹൂദരുടെ ക്വോഷര്‍ ഭക്ഷണരീതിയെ വിമര്‍ശിച്ചുകൊണ്ടാണ് ഹിറ്റ്ലര്‍ വംശീയ വിദ്വേഷത്തിന് തിരിതെളിച്ചത്. ഇന്ന് ഇന്ത്യയില്‍ ഭക്ഷണവും ഭാഷയും വേഷവുമൊക്കെ ഭിന്നിപ്പും ധ്രുവീകരണവും സൃഷ്ടിക്കാനുള്ള ഉപാധികളായാണ് സംഘപരിവാര്‍ കാണുന്നത്.

ചില ഭക്ഷ്യയിനങ്ങളെ മതവുമായി കൂട്ടിയിണക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ പഠനാര്‍ഹമാണ്. മുംബൈയിലെ ഭീകരാക്രമണക്കേസിലെ പ്രതി കസബിനെപ്പോലും ഇതിനായി ഉപയോഗിച്ചെന്നത് പലരെയും അമ്പരപ്പിച്ച കാര്യമാണ്. കസബ് ജയിലില്‍ ബിരിയാണി ചോദിച്ചെന്നു പറഞ്ഞ് കോടതിയില്‍ രംഗം കൊഴുപ്പിച്ച അഭിഭാഷകന്റെ യഥാര്‍ഥ ഉദ്ദേശ്യം മതവിദ്വേഷം സൃഷ്ടിക്കലായിരുന്നു. അതിഹീനമായ പ്രവൃത്തി ചെയ്തയാളാണ് കസബ് എങ്കിലും ബിരിയാണിക്കഥ കെട്ടുകഥയായിരുന്നെന്ന് പിന്നീട് സ്ഥിരീകരണമുണ്ടായി.

എല്ലാ സമുദായത്തിലും അപരിഷ്‌കൃതമായ രീതികളുണ്ട്. എന്നാല്‍, ഹലാല്‍ തുപ്പലാണെന്നു പ്രചരിപ്പിക്കുമ്പോഴാണ് അതിന്റെ പിന്നിലെ ഗൂഢതന്ത്രം വെളിവാകുന്നത്.

എത്രയോ സംസ്‌കൃതികളുടെ സമന്വയമാണ് നമ്മുടെ പൈതൃകം! അതില്‍ സംഗീതവും കലയും ശില്‍പ്പവേലയും വൈദ്യവും ഭക്ഷണവും വസ്ത്രവുമൊക്കെ ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍ വൈവിധ്യങ്ങള്‍ ആശ്ലേഷിക്കുന്നവരാണ് മലയാളികള്‍.

ലോകത്തിന്റെ ഏതു കോണിലുമുള്ള ഭക്ഷണവും സ്വന്തമായി കാണാനാണ് മലയാളി ശ്രമിക്കുന്നത്. ഹലാലിനെ തുപ്പലുമായി ബന്ധപ്പെടുത്തി വിഷലിപ്തമായ ഒരു പ്രചാരണമാണ് ആര്‍എസ്എസ് അഴിച്ചുവിടുന്നത്. എല്ലാ സമുദായത്തിലും അപരിഷ്‌കൃതമായ രീതികളുണ്ട്. എന്നാല്‍, ഹലാല്‍ തുപ്പലാണെന്നു പ്രചരിപ്പിക്കുമ്പോഴാണ് അതിന്റെ പിന്നിലെ ഗൂഢതന്ത്രം വെളിവാകുന്നത്.

ഓതിയും ഊതിയും വെഞ്ചരിച്ചുമൊക്കെ വെള്ളവും നൂലും ഭക്ഷണവും മറ്റും നല്‍കുന്ന രീതി എല്ലാ മതത്തിലുമുണ്ട്. കര്‍ണാടകത്തിലെ കുക്കെ സുബ്രഹ്മണ്യക്ഷേത്രത്തിലും ഉഡുപ്പിയിലെ ശ്രീകൃഷ്ണക്ഷേത്രത്തിലും നടക്കുന്ന ഒരാചാരമുണ്ട് ബ്രാഹ്മണര്‍ കഴിച്ചു ബാക്കിയായ ഭക്ഷണത്തില്‍, എച്ചിലില്‍, ഉരുളുക.

ഇതിന് മഠേ സ്‌നാന എന്നാണ് പേര്. ഇത് യഥാര്‍ഥത്തില്‍ തുപ്പല്‍ സ്‌നാനമാണ്. ഈയൊരു പ്രാകൃതാചാരത്തെ മുന്‍നിര്‍ത്തി ഹിന്ദുമതവിഭാഗത്തെയാകെ കടന്നാക്രമിക്കാന്‍ ശ്രമിച്ചാല്‍ അത് ആര്‍ക്കെങ്കിലും സമ്മതിച്ചുകൊടുക്കാന്‍ കഴിയുമോ?

ധ്രുവീകരണത്തിനുള്ള സുവര്‍ണാവസരങ്ങള്‍ തേടി സംഘപരിവാര്‍ നിരന്തരം അലഞ്ഞുതിരിഞ്ഞുകൊണ്ടിരിക്കുകയാണ്. ഭിന്നിപ്പിക്കുക, അസംഗതമാണെങ്കില്‍പ്പോലും അയഥാര്‍ഥമായ വിഷയങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുക എന്നതാണ് ബിജെപിയുടെ തന്ത്രം.

ഏതാനും ആഴ്ചമുമ്പ്, ഉത്തരേന്ത്യന്‍ പത്രങ്ങളിലാകെ നിരന്ന വാര്‍ത്തയുണ്ട് ഗുജറാത്തിലെ നഗരങ്ങളില്‍ മാംസാഹാരം തെരുവില്‍ വില്‍ക്കാനോ പരസ്യമായി പ്രദര്‍ശിപ്പിക്കാനോ പാടില്ല. വിവിധ നഗരസഭകള്‍ പ്രത്യേക ഉത്തരവുകളിലൂടെയാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. വിവാദമുണ്ടായപ്പോള്‍ ഉത്തരവുകള്‍ ഭാഗികമായി പിന്‍വലിച്ചു.

സാമ്പത്തിക ഉപരോധമെന്നത് ഹിന്ദുത്വ പ്രയോഗിക്കുന്ന ശക്തമായ ഉപകരണങ്ങളിലൊന്നാണ്. ഡല്‍ഹി കലാപത്തിനുശേഷം മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളിലൊന്ന് മുസ്ലിം കച്ചവടക്കാരില്‍നിന്ന് പഴവും പച്ചക്കറിയും വാങ്ങരുതെന്നതായിരുന്നു.

ഡല്‍ഹിയില്‍ ഭൂരിപക്ഷവും ആശ്രയിക്കുന്നത് തെരുവോരങ്ങളിലെ പച്ചക്കറിപഴക്കടകളെയാണ്. പല കോളനിയിലും ഉന്തുവണ്ടികളില്‍ വീട്ടുമുറ്റത്ത് പച്ചക്കറിയും മറ്റുമെത്തും. മുസ്ലിങ്ങളാണെങ്കില്‍ അവരെ ആട്ടിപ്പായിച്ചുകൊള്ളണം എന്നായിരുന്നു ആഹ്വാനം. ഭയം കൊണ്ടായിരിക്കണം പല മുസ്ലിം വഴിവാണിഭക്കാരും പിന്‍വലിഞ്ഞു.

മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും ചെറുനാരുകള്‍പോലും അറുത്തുകളയാനുള്ള തീവ്രയത്‌നമാണ് നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പറേറ്റ് സ്ഥാപനമായ ടാറ്റ പോലും ഈ വിദ്വേഷപ്രചാരണത്തിനുമുന്നില്‍ തല കുമ്പിട്ടു. ടാറ്റയുടെ ആഭരണ ബ്രാന്‍ഡായ തനിഷ്‌കില്‍ വന്ന പരസ്യത്തില്‍ ഒരു മുസ്ലിം കുടുംബത്തിലെ ഹിന്ദുവധുവിനെ ചിത്രീകരിച്ചതായിരുന്നു പ്രകോപനം.

സുപ്രസിദ്ധ ടെക്‌സ്‌റ്റൈല്‍ ബ്രാന്‍ഡായ ഫാബ് ഇന്ത്യ കഴിഞ്ഞ ദീപാവലിയില്‍ സമാനമായ കടന്നാക്രമണത്തിനിരയായി. തങ്ങളുടെ ദീപാവലി പരസ്യത്തില്‍ ഇഷെ റിവാസ് -പൈതൃകത്തിന്റെ ആഘോഷമെന്ന ഉറുദു വാക്ക് ഉപയോഗിച്ചെന്നതായിരുന്നു പ്രകോപനം. മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും എത്രയോ പരസ്യവാചകങ്ങളിലൂടെയാണ് ഇന്ത്യ ആദ്യകാലത്ത് സഞ്ചരിച്ചത്!

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തില്‍ അന്ന് ടെലിവിഷനില്‍ വന്നുതുടങ്ങിയ ബജാജ് സ്‌കൂട്ടറിന്റെ പരസ്യം ഇന്നും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. ഹിന്ദുവും മുസ്ലിമും സിഖുമൊക്കെ സ്‌കൂട്ടറില്‍ ആഘോഷപൂര്‍വം യാത്ര ചെയ്യുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. അന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപി കേന്ദ്ര ഓഫീസിലെ വാര്‍ത്താ സമ്മേളനങ്ങളോടായിരുന്നു ‘പഥ്യം’; കാരണം രാഷ്ട്രീയമല്ല. ആവോളം മാംസാഹാരം നല്‍കിയിരുന്നു.

വെങ്കയ്യ നായിഡു പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ മാംസത്തിന്റെകൂടെ ആന്ധ്രയില്‍നിന്ന് പ്രത്യേകം കൊണ്ടുവരുന്ന കൊഞ്ചും ചെമ്മീനും കിട്ടിയിരുന്നു. ഇന്ന് ഈ പഴങ്കഥ പറഞ്ഞാല്‍ പലരും വായ പൊളിക്കും.

തീക്ഷ്ണമായ ആശയപ്പോരാട്ടങ്ങളുടെ പ്രയോക്താക്കള്‍പോലും ഭക്ഷണം വലിച്ചിഴച്ച് വെറുപ്പു സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നാണ് ചരിത്രം പറയുന്നത്. മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അന്തരിച്ച എ ബി വാജ്‌പേയി മാംസാഹാരത്തിന്റെ ആരാധകനായിരുന്നു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഉല്ലേഖ് എന്‍ പിയുടെ ‘അണ്‍ ടോള്‍ഡ് വാജ്‌പേയി’ എന്ന പുസ്തകത്തില്‍ ഇതു വിശദമായി പരാമര്‍ശിക്കുന്നുണ്ട്. മാംസാഹാരപ്രിയനായ വാജ്‌പേയിക്ക് പോത്തിറച്ചിയും വിസ്‌കിയും പ്രിയങ്കരമായിരുന്നുവെന്ന് ആ പുസ്തകത്തിന്റെ 148–ാം പേജില്‍ പറയുന്നു. ഹിന്ദുത്വയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന സവര്‍ക്കറെക്കുറിച്ച് അദ്ദേഹത്തിന്റെ ആരാധകനും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ വൈഭവ് പുരന്ധരെ എഴുതിയ പുസ്തകത്തില്‍, സവര്‍ക്കറുടെ ഭക്ഷണരീതികളെക്കുറിച്ച് പറയുന്നുണ്ട്.

പശുവിന് ദിവ്യത്വമൊന്നും കല്‍പ്പിക്കാന്‍ സവര്‍ക്കര്‍ തയ്യാറായില്ല. സവര്‍ക്കര്‍ ബീഫ് കഴിച്ചതായി രേഖയൊന്നുമില്ലെങ്കിലും അതു കഴിക്കുന്നതിനോട് അദ്ദേഹത്തിന് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ലെന്ന് വൈഭവ് പുരന്ധരെ സമര്‍ഥിച്ചിട്ടുണ്ട്.

മാട്ടിറച്ചി കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ അതു കഴിച്ചുകൊള്ളട്ടെയെന്ന നിലപാടായിരുന്നു സവര്‍ക്കറുടേതെന്നും പുരന്ധരെ കൂട്ടിച്ചേര്‍ക്കുന്നു. ഇസ്ലാമിക രാഷ്ട്രത്തിന്റെ പിതാവായ മുഹമ്മദാലി ജിന്നയുടെ ഭക്ഷണ-പാനീയ ശീലങ്ങളെക്കുറിച്ച് ഡൊമിനിക് ലാപിയറുടെ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ജിന്ന മദ്യപിക്കുകയും പന്നിയിറച്ചി കഴിക്കുകയും എല്ലാ ദിവസവും താടി വടിക്കുകയും ചെയ്തിരുന്നെന്ന് ഗ്രന്ഥകര്‍ത്താവ് അടിവരയിട്ടു പറയുന്നു.

പഴമ തേടിപ്പോയാല്‍ ആചാരങ്ങളിലെ അപരിഷ്‌കൃതത്വവും യുക്തിരാഹിത്യവും ഫണം വിടര്‍ത്തിവരും. ചരിത്രത്തില്‍ കുരിശുയുദ്ധങ്ങളും സമാനമായ സംഘര്‍ഷങ്ങളും ആവോളമുണ്ട്. തെറ്റുകളെ പിന്നോട്ടുതള്ളി ആരോഗ്യകരമായ മാതൃകകള്‍ സൃഷ്ടിച്ചു മുന്നോട്ടുപോകാനാണ് പരിഷ്‌കൃതസമൂഹം ശ്രദ്ധിക്കേണ്ടത്. ഭിന്നിപ്പിന്റെയും ധ്രുവീകരണത്തിന്റെയും സുവര്‍ണാവസരങ്ങള്‍ തേടി എത്തുന്നവരോട് അത് കേരളത്തിന്റെ തീയില്‍ വേവില്ലെന്ന് ജനങ്ങള്‍ ഒന്നിച്ചുനിന്നു പറയും.